‘സജിചെറിയാന്‍റെ സത്യപ്രതിജ്ഞക്കുള്ള മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാനാകില്ല’ ഗവർണർക്ക് നിയമോപദേശം ലഭിച്ചു

തിരുവനന്തപുരം: സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നതിനുള്ള വഴി കൂടുതല്‍ തെളിഞ്ഞു.സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ക്ക് തള്ളാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. സ്റ്റാന്റിംഗ് കൗണ്‍സിലിനോടാണ് ഗവര്‍ണര്‍ ഉപദേശം തേടിയത്. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ വ്യക്തത തേടാം. ഗവര്‍ണര്‍ നാളെ വൈകിട്ട് തലസ്ഥാനത്ത് എത്തും. ഗവര്‍ണറുടെ തീരുമാനം എന്താകുമെന്ന് കാത്തിരിക്കുകയാണ് സര്‍ക്കാര്‍. ഭരണഘടനയെ വിമര്‍ശിച്ച് ജൂലൈ മൂന്നിനായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ജൂലൈ ആറിന് സജി ചെറിയാന്‍ രാജിവെച്ചു. കേസ് അന്വേഷിച്ച പോലീസ് വക ക്ലീന്‍ ചിറ്റ് നല്‍കിയതോടെ തിരിച്ചുവരവിന് കളമൊരുങ്ങി. ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അത് കൊണ്ട് സജി ചെറിയാനെതിരെ കേസ് നിലനില്‍ക്കില്ലെന്നുമുള്ള നിയമോപദേശം പോലീസ് തിരുവല്ല കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് അവസാനിപ്പിക്കാന്‍ പോലീസ് നല്‍കിയ അപേക്ഷയില്‍ കോടതി തീരുമാനം ഔദ്യോഗികമായി വരാനുണ്ടെങ്കിലും അതില്‍ മറ്റ് പ്രശ്‌നങ്ങളില്ലെന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സജി ചെറിയാന്റെ തിരിച്ച് വരവ്.മറ്റന്നാള്‍ വൈകിട്ട് ഗവര്‍ണര്‍ തിരിച്ചെത്തും. നേരത്തെ കൈകാര്യം ചെയ്തിരുന്ന സാംസ്‌കാരികം ഫിഷറീസ് യുവജനക്ഷേമ വകുപ്പുകള്‍ തന്നെ സജി ചെറിയാന് കിട്ടും. മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്ക് പുനര്‍ വിന്യസിച്ച സ്റ്റാഫുകളേയും തിരിച്ച് നല്‍കും.

 

 

Back to top button
error: Content is protected !!