ഉള്ളില്‍ മുഴങ്ങിയത് ഭാവി ഭാരതം; വോട്ടര്‍മാര്‍ ഒഴുകിയെത്തി: ഇടുക്കിയില്‍ പോളിംഗ് 64.42 ശതമാനം

തൊടുപുഴ: ഇടുക്കി ലോക്സഭ മണ്ഡലത്തിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തി. ഇതോടെ 18-ാമത് ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ ഭാവി ആരുടെ കൈകളില്‍ ഏല്‍പ്പിക്കണമെന്ന ചോദ്യത്തിന് ഇടുക്കിയിലെ ജനങ്ങളും ബാലറ്റിലൂടെ ഉത്തരം നല്‍കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനംമുതല്‍ പോളിംഗ് ദിനമായ ഇന്നലെ വരെ വീറുംവാശിയും നിറഞ്ഞുനിന്ന പ്രചാരണങ്ങളും ആരോപണ-പ്രത്യാരോപണങ്ങളുമായി സ്ഥാനാര്‍ത്ഥികളും മുന്നണിപ്രവര്‍ത്തകരും കളത്തില്‍ സജീവമായിരുന്നു. ഇനി ജയപരാജയങ്ങളുടെ വിലയിരുത്തലുകളുടെയും കൂട്ടികിഴിക്കലുകളുടെയും ദിനങ്ങളാണ്. സമാധാനപരമായി തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചപ്പോള്‍ നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടത്തിനും ആശ്വാസം. ഏഴുനിയമസഭ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇടുക്കി ലോക്സഭ മണ്ഡലത്തില്‍ 12,51,189 വോട്ടര്‍മാരാണുള്ളത്. ഇന്നലെ പോളിംഗ് ആരംഭിച്ച രാവിലെ ഏഴുമുതല്‍ ബൂത്തുകളിലെങ്ങും നീണ്ടനിര പ്രത്യക്ഷപ്പെട്ടിരുന്നു. ഉച്ചയോടെ തിരക്കില്‍ അല്‍പം കുറവുണ്ടായെങ്കിലും വെയില്‍മങ്ങി ചൂട് കുറഞ്ഞതോടെ വോട്ടുചെയ്യാനെത്തിയവരുടെ നീണ്ട നിര പലയിടത്തും വീണ്ടും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു. വൈകുന്നേരം ആറിന് വോട്ടിംഗ് അവസാനിക്കുമ്പോഴും ചില ബൂത്തുകളിലെ ക്യൂ അവസാനിച്ചിരുന്നില്ല.

രാവിലെ ആറിന് മോക്ക്പോളിംഗോടെയാണ് വോട്ടെടുപ്പിന് തുടക്കമായത്. നേരിയ പ്രശ്നങ്ങളൊഴിച്ചാല്‍ ജില്ലയില്‍ പോളിംഗ് സമാധാനപരമായിരുന്നു.ക്രമസമാധാന പാലനത്തിന് 7,717 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. ഇവര്‍ക്ക് പുറമെ 25 സിആര്‍പിഎഫ് ജവാന്‍മാരെയും, താത്ക്കാലിക ചുമതലയില്‍ എന്‍സിസി, എസ്പിസി കേഡറ്റുകള്‍ ഉള്‍പ്പെടെയുള്ള താത്ക്കാലിക ജീവനക്കാരെയും ചുമതലപ്പെടുത്തിയിരുന്നു. ചില ബൂത്തുകളില്‍ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടന്നത് വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഇടുക്കി ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മൂവാറ്റുപുഴ, കോതമംഗലം നിയോജകമണ്ഡലങ്ങളിലും പോളിംഗ് സമാധാനപരമായിരുന്നു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രണ്ടാര്‍ എസ്എബിടിഎം സ്‌കൂളിലെ 114, 115 ബൂത്തുകളില്‍ യന്ത്രതകരാര്‍ മൂലം വോട്ടിംഗ് ഒരു മണിക്കൂര്‍ വൈകി. ഇതേ തുടര്‍ന്നു ചില വോട്ടര്‍മാര്‍ വീട്ടില്‍ പോയ ശേഷം വീണ്ടും എത്തിയാണ് വോട്ട് ചെയ്തത്. പായിപ്ര ഗവ. യുപി സ്‌കൂളിലെ രണ്ടാം ബൂത്തില്‍ രണ്ടു തവണ യന്ത്രതകരാറുണ്ടായി. മൂന്നാമത് മെഷീന്‍ ഘടിപ്പിച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്. മുളവൂര്‍ ഗവ. യുപി സ്‌കൂളിലെ 19, 22 ബൂത്തുകളിലും മെഷീന്‍ തകരാറിലായി. കദളിക്കാട് വിമലമാതാ സ്‌കൂളില്‍ 103-ാം ബൂത്തില്‍ മെഷീനിലുണ്ടായ ശബ്ദതകരാര്‍ പിന്നീട് പരിഹരിച്ചു. മഞ്ഞള്ളൂര്‍ കാപ്പ് എന്‍എസ്എസ് സ്‌കൂളിലെ 108-ാമത് ബൂത്തില്‍ യന്ത്രതകരാര്‍ മൂലം 45 മിനിറ്റ് വോട്ടെടുപ്പ് വൈകി.

പോളിംഗ് ഉദ്യോഗസ്ഥയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നു പുതിയ ഉദ്യോഗസ്ഥന് ചുമതല നല്‍കി വോട്ടിംഗ് നടത്തേണ്ടിവന്നു. കായനാട് ഗവ. എല്‍പി സ്‌കൂളിലെ 133-ാമത് ബൂത്തിലെ ഒന്നാം പോളിംഗ് ഓഫീസര്‍ കെ.എം. ശോഭയ്ക്കാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ ഇവരെ മാറ്റി മറ്റൊരാള്‍ക്ക് ചുമതല നല്‍കുകയായിരുന്നു.

 

 

Back to top button
error: Content is protected !!