മഞ്ജുവിന്റെ ക്യാമറ ക്ലിക്കിന് ഇന്ന് മണ്ണത്തൂരിൽ ആരാധകർ ഏറെ

കൂത്താട്ടുകുളം : മഞ്ജുവിന്റെ ക്യാമറ ക്ലിക്കിന് ഇന്ന് മണ്ണത്തൂരിൽ ആരാധകർ ഏറെയാണ്. മേഖലയിലെ ആദ്യത്തെ വനിത സ്റ്റുഡിയോ നടത്തിപ്പുകാരിയാണ് വെട്ടിമൂട് പള്ളിക്കച്ചേരിൽ സജീവന്റെ ഭാര്യ മഞ്ജു. മണ്ണത്തൂരിലെ ക്യാപ്ച്ചേഴ്സ് സ്റ്റുഡിയോയിലെ മഞ്ജു സജീവന്റെ ക്യാമറയിലൂടെ ഇതിനകം 25000 ലധികം ഫോട്ടോകൾ എടുത്തിട്ടുണ്ട്. 20 വർഷങ്ങൾക്ക് മുമ്പ് മണ്ണത്തൂർ സ്വദേശിയായ ബിജു നടത്തിയിരുന്ന 3ഡി മാക്സ് സ്റ്റുഡിയോയിൽ ജോലിക്കെത്തിയതോടെ ആണ് ഫോട്ടോ ഗ്രാഫിമേഖലയിലേക്ക് മഞ്ജു തിരിഞ്ഞത്. ക്യാമറകളോടുള്ള കമ്പം അന്നുണ്ടായിരുന്നുവെങ്കിലും ഒരെണ്ണം സ്വന്തമാക്കുവാനുള്ള ആഗ്രഹവും ഒരു സ്റ്റുഡിയോ എന്ന സ്വപ്നവും വിദൂരത്തായിരുന്നു. ഫോട്ടോ ഗ്രാഫിയുടെ ആദ്യപാഠങ്ങൾ പഠിച്ച മഞ്ജു പിന്നീട് ഫോട്ടോ ഗ്രാഫർകൂടിയായ സജീവനെ വിവാഹം കഴിക്കുകയും ജോലി തുടരുകയും ചെയ്തു. പിൽക്കാലത്ത് 3ഡി മാക്സ് സ്റ്റുഡിയോ നിർത്തുകയും മഞ്ജുവിന്റെ ജോലി നഷ്ടപ്പെടുകയും ചെയ്തു. തുടർന്നാണ് ഭർത്താവുമായി ചേർന്ന് മണ്ണത്തൂരിൽ ക്യാപ്ച്ചേഴ്സ് എന്ന് പേരിൽ സ്റ്റുഡിയോ ആരംഭിച്ചത്. ഭർത്താവ് സജീവൻ ഔട്ട് ഡോർ വർക്കുകൾക്ക് പോയതോടെ സ്റ്റുഡിയോയുടെ പൂർണ്ണ ചുമതല മഞ്ജു ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ഇവരുടെ കുടുംബത്തിന്റെ പ്രധാന വരുമാനമാണ് ഈ സ്റ്റുഡിയോ. ഏത് ബ്രാൻഡ് ക്യാമറയിലും ഫോട്ടോകൾ എടുക്കുവാൻ മഞ്ജുവിന് വശമുണ്ട്. ഫോട്ടോ എടുക്കുന്നത് ഒരു സ്ത്രീ ആയതുകൊണ്ട് സ്ത്രീകളാണ് മഞ്ജുവിന്റെ കസ്റ്റമേഴ്സിൽ ഏറെയും. സ്ത്രീകൾ പൊതുവേ കടുന്നു വരാത്ത് മേഖലയാണ് സ്റ്റുഡിയോയും ഫോട്ടോ ഗ്രഫിമേഖലയും. തന്റെ നിശ്ചയ ദാർഢ്യംകൊണ്ട് ഇന്ന് ഒരു സംരഭകയായി മാറിയിരിക്കുകയാണ് ഈ വനിത. ഫോട്ടോ എടുത്ത് അത് ഫോട്ടോഷോപ്പിൽ വർക്ക് ചെയ്ത് പ്രിന്റ് ആക്കി നൽകുന്നതുവരെയുള്ള എല്ലാ ജോലികളും ഒറ്റയ്ക്കാണ് മഞ്ജു ചെയ്യുന്നത്.

Back to top button
error: Content is protected !!