സായാഹ്ന വാർത്തകൾ

◼️സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ ആസ്ഥാനങ്ങളില്‍ യുഡിഎഫ് മാര്‍ച്ച്. ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് ആവശ്യം. സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റിലേക്കും നടന്ന പ്രതിഷേധ മാര്‍ച്ചുകള്‍ പലയിടത്തും അക്രമാസക്തമായി. പോലീസ് ലാത്തിയടിക്കുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വഹിച്ചു.

◼️സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് അറസ്റ്റില്‍. ഈ വര്‍ഷം ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. കേസില്‍ മ്യൂസിയം പോലീസാണ്‌ജോര്‍ജിനെതിരെ കേസെടുത്തിട്ടുള്ളത്. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.

◼️കെഎസ്ആര്‍ടിസിയില്‍ ജൂണ്‍ മാസത്തെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ സഹായം തേടി മാനേജ്മെന്റ്. കോടതി നിര്‍ദ്ദേശിച്ചതുപോലെ അഞ്ചാം തീയതിക്കു മുമ്പ് ശമ്പളം നല്‍കാന്‍ 65 കോടി രൂപ സഹായം വേണമെന്ന് മാനേജ്മെന്റ് അറിയിച്ചു. മെയ് മാസത്തെ ശമ്പള വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. മെക്കാനിക്കുകളുടെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

◼️ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ ചാത്തന്‍ പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കുട്ടന്‍, ഭാര്യ, രണ്ട് മക്കള്‍ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. തട്ടുകട നടത്തിയാണ് മണിക്കുട്ടന്‍ വരുമാനം കണ്ടെത്തിയിരുന്നത്. തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആന്‍ഡ് സേഫ്റ്റി കഴിഞ്ഞ ദിവസം അരലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

◼️കണ്ണൂരിലെ ജില്ലാ കോടതി വളപ്പില്‍ സ്ഫോടനം. ഉച്ചയ്ക്കു പതിനൊന്നരയോടെയാണ് കോടതി വളപ്പില്‍ സ്ഫോടനമുണ്ടായത്. ശുചീകരണ തൊഴിലാളികള്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്. ആര്‍ക്കും പരിക്കില്ല. സ്ഫോടനത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

◼️എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുകില്‍ പോസ്റ്റിട്ടയാളെ ചോദ്യം ചെയ്തു. തിരുവനന്തപുരം അന്തിയൂര്‍ കോണം സ്വദേശിയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനു ശേഷം ഇയാളെ പൊലീസ് വിട്ടയച്ചു. ഇയാള്‍ക്ക് അക്രമത്തില്‍ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

◼️എകെജി സെന്റര്‍ ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോണ്‍ഗ്രസാണെന്ന് ഇ.പി. ജയരാജന്‍ ഉറപ്പിച്ച് പറയുന്നത് അദ്ദേഹത്തിന് എന്തെങ്കിലും വിവരം കിട്ടിയിട്ടാകും. കോണ്‍ഗ്രസാണ് ആക്രമിച്ചതെന്ന് സിപിഐ ആരോപിച്ചിട്ടില്ല. കാനം പറഞ്ഞു.

◼️തൃശ്ശൂര്‍- പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയിലെ നിരക്കുകള്‍ കുറച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കരാര്‍ കമ്പനി നല്‍കിയ അപ്പീലിലാണ് നടപടി. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നാല്‍ വാഹനങ്ങള്‍ 10 മുതല്‍ 40 വരെ രൂപ അധികം നല്‍കേണ്ടി വരും. കാര്‍, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് യാത്ര ചെയ്യാന്‍ 100 രൂപയും ഇരുവശങ്ങളിലേക്കുമായി 150 രൂപയുമാണ്.

◼️കഴിഞ്ഞ വര്‍ഷം കേരളത്തിലെ എസ്എസ്എല്‍സി എ പ്ലസുകളുടെ എണ്ണം ദേശീയ തലത്തില്‍ തമാശ ആയിരുന്നെന്ന പ്രസ്താവന തിരുത്തി വി ശിവന്‍കുട്ടി. കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് വിജയം. പ്രസംഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖാനിച്ചെന്ന് ശിവന്‍കുട്ടി പറഞ്ഞു.

◼️കുട്ടനെല്ലൂര്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമണത്തില്‍ ആറു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ജീവന്‍, സുനില്‍, ജോയ്സണ്‍, ജോമോന്‍, ജോസ് മോന്‍, അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്.

◼️കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി ലോകായുക്ത തള്ളി. വൈസ് ചാന്‍സലര്‍ ഡോ ആര്‍ ചന്ദ്രബാബുവിനേക്കാള്‍ യോഗ്യരായ 20 അപേക്ഷകര്‍ ഉണ്ടായിരുന്നെന്ന് ആരോപിച്ച് ത്യശൂര്‍ താന്നിക്കുടം സ്വദേശി വി.എസ്. സത്യശീലന്‍ നല്‍കിയ ഹര്‍ജിയാണു തള്ളിയത്.

◼️പീഡനക്കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് ഇരയായ യുവനടി സുപ്രീംകോടതിയെ സമീപിച്ചു.

◼️റാബീസ് വാക്സീന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് മങ്കര സ്വദേശി ശ്രീലക്ഷ്മി മരിച്ച സംഭവത്തില്‍ വാക്സീന്‍ എടുത്തതില്‍ അപാകതയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ശ്രീലക്ഷ്മിക്കുണ്ടായ പരിക്കിന്റെ ആഘാതത്തെക്കുറിച്ച് ചികിത്സിച്ച ആശുപത്രികള്‍ ഒന്നും പറഞ്ഞിരുന്നില്ലെന്ന് അച്ഛന്‍ സുഗുണന്‍. ആഴക്കൂടതലുളള മുറിവാണ്, പേവിഷ ബാധയ്ക്ക് കാരണമെന്ന ഡിഎംഒയുടെ പ്രസ്താവനയോടായിരുന്നു പ്രതികരണം.

◼️നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്കിടെ അസ്വസ്ഥനാവുകയും, ‘കൈയില്‍ ബോംബൊന്നുമില്ലെന്ന്’ പറയുകയും ചെയ്ത യാത്രക്കാരന്റെ യാത്ര മുടങ്ങി. എറണാകുളം സ്വദേശി ദാസ് ജോസഫിനേയും ഭാര്യയേയും സുരക്ഷാ ജീവനക്കാര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ഏല്‍പിച്ചു. അവര്‍ മണിക്കൂറുകളെടുത്ത് വിശദമായ പരിശോധനയും ചോദ്യം ചെയ്യലും നടത്തിയതോടെ വിമാനയാത്ര മുടങ്ങി.

◼️ധീരജിനെ കൊന്നത് എസ്എഫ്ഐക്കാരാണെന്ന മുരിക്കാശ്ശേരിയിലെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു. എസ്എഫ്ഐക്കാര്‍ കെഎസ് യു നേതാക്കളെ കുത്തുന്നതിനിടയില്‍ അബദ്ധത്തില്‍ ധീരജിന് കുത്തുകൊണ്ടതാണ്. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യം അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

◼️ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് ശുചീകരണ തൊഴിലാളികള്‍ തിരുനെല്ലായി യാക്കര ബൈപാസ് റോഡരികില്‍ മാലിന്യം തള്ളി. സംഭവത്തില്‍ ആറു ജീവനക്കാരെ സസ്പെന്റ് ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

◼️വ്യാജ തിമിംഗല ഛര്‍ദിലിന്റെ പേരില്‍ തട്ടിപ്പു നടത്തുന്ന കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ അഞ്ചു പേര്‍ മലപ്പുറത്ത് പിടിയിലായി. 25 കിലോയോളം വ്യാജ ആംബര്‍ഗ്രീസുമായി ആഡംബര കാര്‍ സഹിതമാണ് പ്രതികള്‍ വലയിലായത്. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശികളായ വെമ്മുള്ളി അബ്ദുറൗഫ്(40), വെമ്മുള്ളി മാജിദ്(46), കണ്ണൂര്‍ തളിപ്പറമ്പ് പൂമംഗലം സ്വദേശി വള്ളിയോട്ട് കനകരാജന്‍(44), തിരൂര്‍ പറപ്പൂര്‍ സ്വദേശി പടിവെട്ടിപ്പറമ്പില്‍ രാജന്‍(48), ഒയൂര്‍ സ്വദേശി ചിറ്റമ്പലം ജലീല്‍(35) എന്നിവരാണ് പടിയിലായത്.

◼️കോഴിക്കോട് ആവിക്കലില്‍ മാലിന്യ പ്ലാന്റിനെതിരായ ഹര്‍ത്താലിനിടെ സംഘര്‍ഷം. പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

◼️അമ്മയുടെ ഫോണിലേക്ക് വിളിച്ചു ശല്യം ചെയ്ത യുപി സ്വദേശി മുഹമ്മദ് നജ്മിയെ കുത്തിയ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ഡിപ്പോ സ്വദേശികളായ കല്ലിക്കോട്ട് ഷാരോണ്‍ (27), സഹോദരന്‍ ഡെന്നീസ് എന്ന അപ്പു (25) എന്നിവരെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

◼️കോഴിക്കോട്ടെ മോഡല്‍ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം. ഷഹാനയെ മാനസികവും ശാരീരികവുമായി സജാദ് പീഡിപ്പിച്ചു. മരിക്കുന്ന ദിവസവും വഴക്കുണ്ടാക്കി. ഷഹാനയുടെ ഡയറി കുറിപ്പുകളില്‍ ഇതിനുള്ള തെളിവുണ്ടെന്നും പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു.

◼️വയനാട്ടിലെ പനമരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പനമരത്ത് പ്രതിഷേധ പ്രകടനം നടത്തി രാഹുല്‍ ഗാന്ധി എംപിയുടെ ഫ്ളക്സ് വലിച്ചു കീറി. പനമരം പഞ്ചായത്തിന് സമീപത്ത് രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യം അര്‍പ്പിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഉയര്‍ത്തിയ ഫ്ളക്സാണ് നശിപ്പിച്ചത്. സംഭവത്തില്‍ പനമരം പൊലീസ് പത്തു പേര്‍ക്കെതിരെ കേസെടുത്തു.

◼️കാലിക്കറ്റ് സര്‍വ്വകലാശാല ക്യാംപസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു താത്കാലിക സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റിലായി. വിമുക്തഭടനും വള്ളിക്കുന്ന് സ്വദേശിയുമായ മണികണ്ഠനാണ് പിടിയിലായത്.

◼️കട ബാധ്യതയെ തുടര്‍ന്ന് പളനിയില്‍ മലയാളി ദമ്പതികള്‍ ജീവനൊടുക്കി. പാലക്കാട് ആലത്തൂര്‍ സ്വദേശികളായ സുകുമാരനും ഭാര്യ സത്യഭാമയുമാണ് ജീവനൊടുക്കിയത്. വാട്സാപ്പില്‍ ബന്ധുക്കള്‍ക്ക് തങ്ങള്‍ ജീവനൊടുക്കുകയാണെന്ന് ഇവര്‍ സന്ദേശം അയച്ചിരുന്നു.

◼️വണ്ടിപ്പെരിയാറിനു സമീപം റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ ശരീരത്തിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങിയെന്നു പോലീസ്. നടന്നു പോകുമ്പോള്‍ ഓട്ടോ റിക്ഷ ഇടച്ചിട്ട ശേഷം ശരീരത്തിലൂടെ കയറിയെന്നാണ് സംശയം. ഒരു ബൈക്കും ശരീരത്തില്‍ കയറിയിറങ്ങി. വാഹനങ്ങള്‍ ഓടിച്ചവരെ പോലീസ് പിടികൂടി ചോദ്യം ചെയ്യുകയാണ്.

◼️കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേടില്‍ പ്രതിക്ക് ജാമ്യമനുവദിച്ചതില്‍ പൊലീസിന്റെ ഒത്തുകളിയെന്ന് ആരോപണം. കെട്ടിട ഉടമയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവണ്‍മെന്റ് പ്ലീഡര്‍ ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കും.

◼️സ്ത്രീധനവും ബൈക്കും ആവശ്യപ്പെട്ടതിനു പിറകേ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരനായ കൊല്ലം പുത്തൂര്‍ പാങ്ങോട് മനീഷ് ഭവനില്‍ അനീഷിനെ(25) പൊലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം മുട്ടറയില്‍ പ്രാക്കുളം സ്വദേശിനിയായ യുവതി ഏപ്രില്‍ 27 ന് വീട്ടിലെ കിടപ്പു മുറിയിലാണ് തൂങ്ങിമരിച്ചത്.

◼️തിരുവല്ലയില്‍ ട്രെയിനില്‍നിന്നു വീണ് അധ്യാപിക മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കോട്ടയം മേലുകാവ് സ്വദേശി ജിന്‍സി ജെയിംസിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് റെയില്‍വെ പൊലീസിന് പരാതി നല്‍കി.

◼️ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ വിദേശ വിനിമയ ചട്ടലംഘന കേസ് കൂടി ചുമത്തി ഡല്‍ഹി പൊലീസ്. മുഹമ്മദ് സുബൈറിന് വിദേശ ഫണ്ട് ലഭിച്ചെന്ന് ആരോപിച്ചാണ് വിദേശ വിനിമയ ചട്ടത്തിലെ സെക്ഷന്‍ 35 കൂടി എഫ്ഐആറില്‍ കൂട്ടിച്ചേര്‍ത്തത്. നേരത്തെ മുഹമ്മദ് സുബൈറിനെതിരെ മത വികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. മുഹമ്മദ് സുബൈര്‍ തെളിവ് നശിപ്പിച്ചെന്നും ഗൂഢാലോചന നടത്തിയെന്നും പൊലീസ് ആരോപിച്ചു.

◼️സുപ്രീം കോടതി ഇടപെട്ടിട്ടും നൂപുര്‍ ശര്‍മയെ അറസ്റ്റു ചെയ്യാന്‍ തയാറാകാതെ പോലീസ്. എന്നാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കുമെന്ന് ഡല്‍ഹി പൊലീസ്. സുപ്രീംകോടതി നൂപുര്‍ ശര്‍മയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.

◼️മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ ശിവസേനയുടെ പാര്‍ട്ടി പദവികളില്‍നിന്നെല്ലാം നീക്കം ചെയ്തു. വിമത നീക്കം തുടങ്ങിയതിനു പിറകേ, നിയമസഭാ കക്ഷി നേതൃ സ്ഥാനത്തുനിന്നു നീക്കിയിരുന്നു. നാളെ നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ മഹാവികാസ് അഖാഡി സഖ്യം തീരുമാനമെടുത്തിട്ടില്ല.

◼️ഉദയ്പൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കു പാക് പങ്കിന് തെളിവുണ്ടെന്ന് എന്‍ഐഎ. കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍ പാകിസ്ഥാനിലെ സല്‍മാന്‍ എന്നയാളാണെന്നും ഏജന്‍സി വ്യക്തമാക്കി. നബി വിരുദ്ധ പരാമര്‍ശത്തിനെതിരെ ശക്തമായ തിരിച്ചടി നല്‍കണമെന്ന് പ്രതികളോട് സല്‍മാന്‍ നിര്‍ദ്ദേശിച്ചെന്നാണ് എന്‍ഐഎ പറയുന്നത്.

◼️റെയ്ഡുകളില്‍ പിടികൂടിയ 1.3 കോടി രൂപയുടെ അനധികൃത മദ്യം ആന്ധ്രപ്രദേശ് ചിറ്റൂര്‍ പൊലീസ് റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിച്ചു. കണിപ്പാകം പുത്തനം ഫ്‌ളൈ ഓവറിന് സമീപം ഐടിഐയിലാണ് മദ്യം റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിച്ചത്.

◼️അബദ്ധത്തില്‍ പലരുടെയും അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ലക്ഷക്കണക്കിന് രൂപ തിരിച്ചു പിടിക്കാന്‍ എച്ച്ഡിഎഫ്സി ബാങ്ക് നിയമനടപടികളിലേക്ക്. 4,468 പേരില്‍ നിന്നായി 100 കോടിയോളം രൂപയാണ് ബാങ്കിനു കിട്ടാനുള്ളത്. മെയ് മാസത്തില്‍ നൂറോളം ബാങ്ക് അക്കൗണ്ടുകള്‍ എച്ച്ഡിഎഫ്സി ബാങ്ക് താത്കാലികമായി മരവിപ്പിച്ചിരുന്നു.

◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. ഇന്നലെ രാവിലെ 960 രൂപ കൂടിയശേഷം ഉച്ചയ്ക്ക് 200 രൂപ കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 38,400 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ രാവിലെ 120 രൂപ വര്‍ധിച്ചിരുന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,800 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 35 രൂപയാണ് ഉയര്‍ന്നത്. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,965 രൂപയാണ്.

◼️കേന്ദ്രവും സംസഥാനങ്ങളും ചേര്‍ന്ന് ജൂണില്‍ ജി.എസ്.ടിയായി സമാഹരിച്ചത് 1.44 ലക്ഷം കോടി രൂപ. 2021 ജൂണിലേക്കാള്‍ 56 ശതമാനമാണ് വളര്‍ച്ച. ജി.എസ്.ടി നടപ്പാക്കിയശേഷം ഇത് അഞ്ചാംതവണയാണ് ഒരുമാസത്തെ സമാഹരണം 1.40 ലക്ഷം കോടി രൂപ കടക്കുന്നത്. കേരളത്തിന്റെ വരുമാനം കഴിഞ്ഞമാസം 116 ശതമാനം വര്‍ദ്ധിച്ച് 2,161 കോടി രൂപയായി. 2021 ജൂണില്‍ വരുമാനം 998 കോടി രൂപയായിരുന്നു. കഴിഞ്ഞമാസത്തെ മൊത്തം ദേശീയതല വരുമാനത്തില്‍ 25,306 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 32,406 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 75,?887 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ്. സെസ് ഇനത്തില്‍ 11,018 കോടി രൂപ ലഭിച്ചു. കഴിഞ്ഞമാസത്തെ വളര്‍ച്ചാക്കണക്കില്‍ ലഡാക്ക് (118%) കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് കേരളം (116%). മഹാരാഷ്ട്രയാണ് വരുമാനത്തില്‍ ഒന്നാമത് (22,341 കോടി രൂപ).

◼️ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. ഈ അവസരത്തില്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. ആദ്യ ഭാഗമായ ‘പൊന്നിയിന്‍ സെല്‍വന്‍-1’ 2022 സെപ്റ്റംബര്‍ 30- ന് പ്രദര്‍ശനത്തിനെത്തും. വിക്രം, ജയംരവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

◼️ലോകേഷ് കനകരാജ് കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രം ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തില്‍ കമല്‍ ഹാസന്റെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാനമാണിത്. പത്തല പത്തല എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്ന അനിരുദ്ധ് രവിചന്ദറിനൊപ്പം ആലപിച്ചിരിക്കുന്നതും കമല്‍ ഹാസനാണ്. കമലിന്റെ നൃത്തച്ചുവടുകളും ഗാനരംഗങ്ങളിലെ ആകര്‍ഷണമാണ്. തിയറ്ററുകളില്‍ വലിയ ആരവും സൃഷ്ടിക്കാന്‍ കഴിഞ്ഞ ഗാനവുമാണിത്. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു.

◼️2022 ജൂണില്‍ 8,012 വാഹനങ്ങളുടെ മൊത്ത വില്‍പ്പന രേഖപ്പെടുത്തിയതായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ ഇന്ത്യ. ആഭ്യന്തര വിപണിയില്‍ 3,515 യൂണിറ്റുകള്‍ വിറ്റഴിച്ചതായും കഴിഞ്ഞ മാസം കയറ്റുമതി 4,497 യൂണിറ്റായിരുന്നുവെന്നും കമ്പനി അറിയിച്ചു. 2020 ഡിസംബറില്‍ ലോഞ്ച് ചെയ്തതിനുശേഷം ഇന്ത്യയില്‍ മൊത്തം 50,000 യൂണിറ്റുകള്‍ വിതരണം ചെയ്ത മാഗ്നൈറ്റ് കോംപാക്റ്റ് എസ്യുവിയാണ് മികച്ച വില്‍പ്പന പ്രകടനത്തിന് കാരണം. നിസ്സാന്‍ ഇന്ത്യ നിലവില്‍ ഒരു സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു, അത് ഉപഭോക്താക്കള്‍ക്ക് ‘വൈറ്റ് പ്ലേറ്റ്’ ഉള്ള വാഹനം സ്വന്തമാക്കാനും ഡല്‍ഹി എന്‍സിആര്‍, മുംബൈ, പൂനെ, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ ‘ബൈ ബാക്ക് ഓപ്ഷനും’ നല്‍കാനും സഹായിക്കുന്നു.

◼️നിരോധിക്കപ്പെട്ട നിമിഷങ്ങളുടെ ക്യുവില്‍നിന്ന് എഴുതിപ്പോയ കവിതകള്‍. വെല്ലുവിളിയുണര്‍ത്തുന്ന, ഉള്ളം തൊടുന്ന കവിതകളുടെ സത്ത. ശൈലീവിന്യാസവും അതിന്റെ അഗാധതയുംകൊണ്ട് അനന്യമായ കവിതകള്‍. നെഞ്ചും വിരിച്ച് തലകുനിക്കുന്നു. കാത്തുശിക്ഷിക്കണേ, നല്ലയിനം പുലയ അച്ചാറുകള്‍ എന്നിവയ്ക്കുശേഷം എം എസ് ബനേഷിന്റെ പുതിയ കവിതാസമാഹാരം. ‘പേരക്കാവടി’. എം എസ് ബനേഷ്. ഡിസി ബുക്സ്. വില 133 രൂപ.

◼️ഒരാളുടെ പ്രതിരോധ സംവിധാനം ദുര്‍ബലമാണെങ്കില്‍ ശരീരം ഇതിനെ സംബന്ധിച്ച ചില സൂചനകള്‍ നമുക്ക് നല്‍കി കൊണ്ടേയിരിക്കാം. ഈ ലക്ഷണങ്ങളെ തിരിച്ചറിയുന്നത് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും രോഗം വരാതിരിക്കാനും സഹായിക്കും. പ്രധാനപ്പെട്ട ഒരു പ്രോജക്ട് തീര്‍ത്ത ശേഷമോ ബുദ്ധിമുട്ടേറിയ ഒരു പരീക്ഷ എഴുതിയ ശേഷമോ രോഗകിടക്കയിലാകുന്ന പതിവ് നിങ്ങള്‍ക്കുണ്ടോ? ഉണ്ടെങ്കില്‍ സൂക്ഷിക്കണം. ഉയര്‍ന്ന സമ്മര്‍ദം താങ്ങാനുള്ള ശരീരത്തിന്റെ ശേഷിക്കുറവിനെ ഇത് സൂചിപ്പിക്കുന്നു. ശരീരത്തിലെ ശ്വേതരക്താണുക്കള്‍ സമ്മര്‍ദത്തോടുള്ള പ്രതികരണമെന്ന നിലയില്‍ കുറയുന്നതാണ് അസുഖങ്ങളിലേക്ക് നയിക്കുന്നത്. പ്രതിരോധശേഷി ദുര്‍ബലമാണെങ്കില്‍ ഇടയ്ക്കിടെയുള്ള ജലദോഷം തുടര്‍ക്കഥയാകുകയും ഇവ നീണ്ട് നില്‍ക്കുകയും ചെയ്യും. ശരീരത്തിന്റെ പ്രതിരോധ ശേഷിയുടെ 70 ശതമാനവും തീരുമാനിക്കപ്പെടുന്നത് ദഹനനാളിയിലാണ്. വയര്‍ ഉള്‍പ്പെടെയുള്ള ദഹനസംവിധാനത്തിലുള്ള ചില ബാക്ടീരിയകളും സൂക്ഷ്മ ജീവികളും പലതരം അണുബാധകളില്‍ നിന്ന് നമ്മെ രക്ഷിക്കാറുണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന അതിസാരം, ഗ്യാസ്, മലബന്ധം എന്നിവയെല്ലാം പ്രതിരോധ സംവിധാനത്തിന്റെ ശേഷി കുറയ്ക്കും. ദുര്‍ബലമായ പ്രതിരോധ ശേഷിയുള്ളവരില്‍ മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസം നേരിടും. പുതിയ ചര്‍മം വളര്‍ന്ന് വന്ന് മുറിവുകള്‍ മൂടാന്‍ സഹായിക്കുന്നത് പ്രതിരോധ കോശങ്ങളാണ്. ക്രോണിക് സൈനസറ്റിസ്, ന്യുമോണിയ, ബാക്ടീരിയല്‍ സൈനസൈറ്റിസ് പോലുള്ള രോഗങ്ങള്‍ ഇടയ്ക്കിടെ വരുന്നതും നല്ല പ്രതിരോധശേഷിയുടെ ലക്ഷണമല്ല. വൈറല്‍ അണുബാധകളും വര്‍ഷത്തില്‍ രണ്ട് തവണയില്‍ കൂടുതല്‍ ഉണ്ടാകുന്നത് പ്രതിരോധശേഷിയെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

Back to top button
error: Content is protected !!