ജില്ല പൂര്‍ണ്ണസജ്ജം; കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം: കളക്ടര്‍.

 

എറണാകുളം: എറണാകുളം ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിംഗിനു മുന്നോടിയായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ വിതരണ കേന്ദ്രമായ തൃക്കാക്കര ഭാരത്മാത കോളേജ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. അതു പ്രകാരമാണ് വിതരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. മുഴുവന്‍ പോളിംഗ് സാമഗ്രികളും ബുധനാഴ്ച തന്നെ അതാത് ബൂത്തുകളിലേക്ക് മാറ്റും. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും വലിയ വിതരണ കേന്ദ്രമായ തൃക്കാക്കര ഭാരത് മാതയില്‍ എല്ലാം സുഗമമായാണ് നടന്നത്.

എല്ലാ പോളിംഗ് ബൂത്തുകളും അണുവിമുക്തമാക്കിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് സാമൂഹിക അകലം പാലിച്ച് ക്യൂ നില്‍ക്കുന്നതിനായി പോളിംഗ് ബൂത്തുകളില്‍ അടയാളമിട്ടിട്ടുണ്ട്. എല്ലാ പോളിംഗ് ബൂത്തുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലനം ഉറപ്പാക്കും. എല്ലാ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. 37 പ്രശ്‌നബാധിത വെബ് കാസ്റ്റിംഗും ബാക്കിയുള്ള ബൂത്തുകളില്‍ വീഡിയോ റെക്കോഡിംഗും സജ്ജീകരിച്ചിട്ടുണ്ട്. ക്രമസമാധാനപ്രശ്‌നങ്ങള്‍ എവിടെയുമില്ല. ഇതുവരെ സുഗമമായാണ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നതെന്നും കളക്ടര്‍ അറിയിച്ചു.

Back to top button
error: Content is protected !!