ആവേശം വിതറി ജന്മനാട്ടില്‍ എല്‍ദോ എബ്രഹാമിന്റെ പര്യടനം

 

മൂവാറ്റുപുഴ : ജന്മനാട്ടില്‍ എല്‍ദോ എബ്രഹാമിന് സ്‌നേഹനിര്‍ഭരമായ സ്വീകരണം. മൂവാറ്റുപുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാമിന് സ്വന്തം പഞ്ചായത്തായ പായിപ്ര യിലായിരുന്നു സ്വീകരണം. രണ്ട് വട്ടം വാര്‍ഡ് മെമ്പറായ സ്വന്തം നാട്ടില്‍ വികസന സ്വപ്നനങ്ങളെ യാഥാര്‍ത്ഥ്യമാക്കിയതിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാട്ടുകാര്‍ നല്‍കിയത് വന്‍ ഭൂരിപക്ഷമാണ് . എം എല്‍ എ ആയിരിയ്‌ക്കെ മണ്ഡലത്തില്‍ നടപ്പാക്കായ ജനകീയ ക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമായി ഇത്തവണയും മികച്ച ഭൂരിപക്ഷം സമ്മാനിയ്ക്കുമെന്നാണ് നാട്ടുകാരുടെ ഉറപ്പ്.ഇന്ന് രാവിലെ പായിപ്ര സ്‌ക്കൂള്‍പടിയില്‍ നിന്ന് തുടങ്ങിയ പര്യടനം എല്‍ ഡി എഫ് മണ്ഡലംതെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി എം ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. വി എം നവാസ് അധ്യക്ഷനായി. എന്‍.അരുണ്‍, ആര്‍ സുകുമാരന്‍, കെ എന്‍ ജയപ്രകാശ്, വി ആര്‍ ശാലിനി, കെ എസ് റഷീദ്, ടി എം ഹാരീസ,് ഒ കെ മോഹന്‍, റിയാസ് ഖാന്‍, വിഎച്ച് ഷെഫീക്ക്, കെ കെ ശ്രീകാന്ത്, ജി രാകേഷ് എന്നിവര്‍ പങ്കെടുത്തു. പായിപ്ര പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. മൂവാറ്റുപുഴ മണ്ഡലത്തെ തരിശ് രഹിതമാക്കാന്‍ തുടങ്ങിയ തരിശ് രഹിത പദ്ധതി പഞ്ചായത്തിലെ മുടവൂര്‍ പാടശേഖരത്തിലാണ് വിപുലമായി തുടക്കം കുറിച്ചത്. മുളവൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, പേഴയ്ക്കാപ്പിള്ളി സ്‌കൂള്‍ ഹൈടെക്കാക്കിയും, പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കിയും പൊതുമരാമത്ത് വകുപ്പ് റോഡുകളെല്ലാം ബി എം ബി സി നിലവാരത്തിലാക്കിയും, ക്ഷീര ഗ്രാമം പദ്ധതി, മംഗല്യ കടവ് പാലം, മുളവൂര്‍ സ്‌കൂളിന് ഓഡിറ്റോറിയം അടക്കം ക്ഷേമ പദ്ധതികള്‍ നടപ്പാക്കിയതിനുമെല്ലാം മുന്നില്‍ നിന്നത് എല്‍ദോയാണെന്ന് നാട്ടുകാര്‍ സമ്മതിയ്ക്കുന്നു. മൈക്രോ ജംഗ്ഷന്‍, ചാപ്പല്‍, മാനാറി, ലക്ഷം വീട് സൊസൈറ്റിപ്പടിയും കഴിഞ്ഞ് പായിപ്ര സൗത്തില്‍ എത്തിയപ്പോള്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാന്‍ കാത്ത് നിന്ന് സ്വീകരണം നല്‍കി. കൂരിക്കാവ്, മുടവൂര്‍ പള്ളിത്താഴം, ശൂലംകുഴി , പായിപ്ര , ചാരപ്പാട്ട്, പള്ളിച്ചിറ, തേരാപ്പാറ കറുകപ്പിളളി, തൃക്കളത്തൂര്‍ കാവുംപടി, സൊസൈറ്റിപ്പടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് തോട്ടുപുറം കവലയില്‍ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സജി ജോര്‍ജ്, ആര്‍ രാകേഷ്, കെ ജി അനില്‍കുമാര്‍, ഫെബിന്‍ പി മൂസ, ജോളി പൊട്ടയ്ക്കല്‍, നസീമ സുനില്‍, സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം എന്നിവര്‍ സംസാരിച്ചു. എല്‍ദോ എബ്രഹാം നാളെ രാവിലെ ആവോലി ഗ്രാമപഞ്ചായത്തിലും ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴ നഗരസഭയിലെ സൗത്ത് ലോക്കല്‍ കമ്മിറ്റിയിലും പര്യടനം നടത്തും.

ചിത്രം- എല്‍ദോ എബ്രഹാമിന് ജന്മ നാടായ പായിപ്രയില്‍ നല്‍കിയ സ്വീകരണം

Back to top button
error: Content is protected !!