വയോധികയുടെ കൊലപാതകം: പ്രതിയെ താമസ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

മൂവാറ്റുപുഴ: സാമ്പത്തിക ലാഭത്തിനായി മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അടിവാടുള്ള താമസ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൗസല്യയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഇളയമകന്‍ ജിജോ താമസിക്കുന്ന പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ അടിവാട് വെളിയാംകുന്ന് കോളനിയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഞായറാഴ്ച കൗസല്യയെ കല്ലൂര്‍ക്കാടുള്ള വീട്ടിലെത്തി കൊലപ്പെടുത്തിയ ശേഷം പ്രതി അടിവാടുള്ള വീട്ടിലെത്തി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ബക്കറ്റില്‍ അഴിച്ചിട്ടശേഷം മാതാവിന്റെ മറ്റ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുകയായിരുന്നു. കൗസല്യയുടെ മരണകാരണം ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. കൗസല്യയുടെ മരണം സ്ഥിരീകരിക്കാനെത്തി പരിശോധ നടത്തിയ ഡോക്ടറാണ് മരണം സ്വാഭാവിക മരണമല്ലെന്ന് പോലീസിനെ അറിയിച്ചത്. കഴുത്തിലെ പാടുകളും രക്തം കട്ടപിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന സംശയം ഉയരുകയായിരുന്നു. അമ്മ ധരിച്ചിരുന്ന 3 പവന്റെ മാലയ്ക്ക് പുറമെ സഹകരണ ബാങ്കില്‍ കൗസല്യയുടെ പേരിലുള്ള 50,000 രൂപക്കും വേണ്ടിയായിരുന്നു പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഈ വിവരങ്ങള്‍ തെളിവെടുപ്പില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതി വിവരിച്ചു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി താമസ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് കല്ലൂര്‍ക്കാട് സിഐ രവി സന്തോഷ് പറഞ്ഞു. തെളിവെടുപ്പിനിടയില്‍ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വന്‍ പോലീസ് സന്നാഹവും തെളിവെടുപ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു. കല്ലൂര്‍ക്കാട് സി.ഐ രവി സന്തോഷിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്‌ഐ എഡിസണ്‍ മാത്യു, ജിഎഎസ്‌ഐ ഗിരീഷ് കുമാര്‍, കെ.ആര്‍ ബിനു, പോത്താനിക്കാട് എസ്.ഐ ശരണ്യ എസ് ദേവന്‍ എന്നിവരാണ് തെളിവെടുപ്പിനെത്തിയത്.

 

Back to top button
error: Content is protected !!