കോതമംഗലം രൂപത പടുത്തുയർത്തിയത് ഐക്യത്തിന്‍റെ മൂലക്കല്ലിൽ: മാർ റാഫേൽ തട്ടിൽ

കോതമംഗലം: ഐക്യത്തിന്റെ മൂലക്കല്ലിലാണ് കോതമംഗലം രൂപത പടുത്തുയര്‍ത്തിയിട്ടുള്ളതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കോതമംഗലം രൂപതയിലെ പ്രഥമ ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ച് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നു മാര്‍ തട്ടില്‍. വിശ്വാസത്തോട് എക്കാലത്തും വിശ്വസ്തത പുലര്‍ത്തിയ ദൈവജനമാണ് കോതമംഗലം രൂപതയുടെ ആസ്തി. ഏതൊക്കെ വിധത്തില്‍ സഭയെ സഹായിക്കാന്‍ പറ്റിയിട്ടുണ്ടോ അതെല്ലാം രൂപത പിന്തുടര്‍ന്നുവരുന്നുണ്ട്. മനുഷ്യന്റെ വേദനകള്‍, സങ്കടങ്ങള്‍ എന്നിവയിലെല്ലാം കരം ചേര്‍ത്ത് പിടിച്ച നല്ല സമരിയാക്കാരന്റെ മാതൃക നല്‍കിയ രൂപതയാണ് കോതമംഗലം. സ്ഥാപക പിതാവ് മാര്‍ മാത്യു പോത്തനാംമുഴി, രൂപതയെ വളര്‍ച്ചയിലേക്ക് നയിച്ച മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ എന്നിവരോടും രൂപത കുടുംബത്തോടുമുള്ള നന്ദിയും സ്‌നേഹവും മാര്‍ തട്ടില്‍ അറിയിച്ചു. ദിവ്യബലിയില്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, വികാരി ജനറാള്‍ മോണ്‍.പയസ് മലേക്കണ്ടം, സിഎംഐ പ്രൊവിഷ്യല്‍ സുപ്പീരിയര്‍ ഫാ. മാത്യു മഞ്ഞക്കുന്നേല്‍, ഫൊറോന വികാരിമാര്‍ എന്നിവര്‍ സഹകാര്‍മികരായി. ദിവ്യബലിക്കുശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. കത്തീഡ്രല്‍ ദേവാലയ അങ്കണത്തില്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ എന്നിവര്‍ക്കൊപ്പമെത്തിയ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് കത്തീഡ്രല്‍ വികാരി ഫാ.ഡോ. തോമസ് ചെറുപറന്പില്‍ ജപമാലകള്‍ കൊണ്ട് നിര്‍മിച്ച ബൊക്കെ നല്‍കി സ്വീകരിച്ചു. കോതമംഗലം രൂപതയുടെ സ്‌നേഹത്തിന്റെയും ആദരവിന്റെയും സൂചകമായി മേജര്‍ ആര്‍ച്ച്ബിഷപ്പിന് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അംശവടിയും സമ്മാനിച്ചു.

 

Back to top button
error: Content is protected !!