ദേശീയ സാഹിത്യോത്സവ് 2023 നവംബർ 18 മുതല്‍ ഇൻഡോറിൽ 

 

മൂവാറ്റുപുഴ: ഇരുപത്തി ഒൻപതാമത് എസ്.എസ്.എഫ് കേരള സാഹിത്യോത്സവിന് പ്രൗഢമായ പരിസമാപ്തി. ഒരാഴ്ചയിലധികം നീണ്ടു നിന്ന വിവിധ പരിപാടികൾക്കു ശേഷമാണ് സാഹിത്യോത്സവ് സമാപിച്ചത്.രണ്ടു ദിവസങ്ങളിൽ നടന്ന കലാ സാഹിത്യ മത്സരങ്ങളിൽ 589 പോയന്റ്റ് നേടി മലപ്പുറം വെസ്റ്റ് ജില്ല ഓവറോൾ ചാമ്പ്യൻമാരായി. തുടർച്ചയായി ആറു തവണ ഓവറോൾ ചാംപ്യൻമാരായ മലപ്പുറം ഈസ്റ്റ് ജില്ലയെ അട്ടിമറിച്ചാണ് മലപ്പുറം വെസ്റ്റ് തങ്ങളുടെ പ്രഥമ കിരീടം ചൂടിയത്. 545 പോയന്റ് നേടി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും, 534 പോയന്റ് നേടിയ മലപ്പുറം ഈസ്റ്റ് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാസർഗോഡ് ജില്ലയിലെ മുസമ്മിൽ എസ് സർഗ പ്രതിഭാ പുരസ്കാരത്തിന് അർഹനായി. കോഴിക്കോട് ജില്ലയിൽ നിന്നുള്ള മഹ്ഫൂസ് റിഹാൻ കലാപ്രതിഭാ പട്ടവും നേടി. കേരളത്തിലെ 14 ജില്ലകളിൽ നിന്നും തമിഴ് നാട്ടിലെ നീലഗിരിയിൽ നിന്നുമുള്ള രണ്ടായിരത്തോളം പ്രതിഭകളാണ് മത്സരത്തിൽ പങ്കെടുത്തത്. പ്രത്യേകം സംവിധാനിച്ച 13 വേദികളിലായാണ് വിദ്യാർത്ഥികൾ മത്സരിച്ചത്. എട്ട് വിഭാഗങ്ങളിൽ 144 ഇനങ്ങളിലായിരുന്നു മത്സരം. സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീൻ ഫാളിലിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമൂഹ നൻമ ലക്ഷ്യം വെച്ചുള്ള കലാ സാഹിത്യ മത്സരങ്ങൾ അനിവാര്യമാണെന്നും, വിദ്യാർത്ഥികൾ ധാർമ്മികത മുറുകെ പിടിച്ച് സംശുദ്ധ ജീവിതം നയിക്കണമെന്നും കാന്തപുരം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ജബ്ബാർ സഖാഫി, , വി എച്ച് അലി ദാരിമി, ഹൈദ്രോസ് ഹാജി, , ശരീഫ് നിസാമി, എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ, സെക്രട്ടറിമാരായ ജാബിർ സഖാഫി പാലക്കാട്, എൻ ജാബിർ, ഫിർദൗസ് സഖാഫി കടവത്ത് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ, എൻ എം സ്വാദിഖ് സഖാഫി, കലാം മാവൂർ, എം അബ്ദുൽ മജീദ് എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. 2024 ൽ നടക്കുന്ന മുപ്പതാമത് സാഹിത്യോത്സവിന് ആതിഥ്യമരുളുന്ന തിരുവനന്തപുരം ജില്ലക്ക് നിലവിലെ ആതിഥേയരായ എറണാകുളം ജില്ലയുടെ സ്വാഗത സംഘം ഭാരവാഹികൾ പതാക കൈമാറി. എസ് എസ് എഫിന്റെ ഔദ്യോഗിക യൂട്യൂബിലൂടെ സംപ്രേഷണം ചെയ്ത കേരള സാഹിത്യോത്സവ് രണ്ട് ലക്ഷത്തിലധികം ആളുകളാണ് തത്സമയം വീക്ഷിച്ചത്.കേരള സാഹിത്യോത്സവിലെ വിജയികൾ 2023 നവംബർ 18,19, 20 തിയ്യതികളിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന ദേശീയ സാഹിത്യോത്സവിൽ മത്സരിക്കും.

 

 

Back to top button
error: Content is protected !!