കൊച്ചിയിലെ പ്രസംഗം; കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസ്

 

കൊച്ചി: കൊച്ചി കോര്‍പ്പറേഷന് മുന്നിലെ വിവാദ പ്രസംഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസ്. കലാപ ശ്രമത്തിനാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെ സുധാകരന്റെ പ്രസംഗം. സുധാകരന്റെ പ്രസംഗത്തിന് ശേഷമുള്ള പ്രതിഷേധത്തില്‍ മര്‍ദ്ദനമേറ്റു എന്ന കാട്ടി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദിര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയെ മര്‍ദ്ദിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍, എറണാകുളം ബ്ലോക്ക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇരുവരെയും മൂന്നാറില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കേസില്‍ സംഘടനാ ഭാരവാഹിയായ ജെറിന്‍ ജെസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യുഡിഎഫ് അനുകൂല സംഘടനാ കെഎംസിഎസ്എ സംസ്ഥാന സെക്രട്ടറിയും കോര്‍പ്പറേഷനിലെ ക്ലര്‍ക്കുമായ ജയരാജിനെതിരെയും പോലീസ് കേസെടുത്തിരുന്നു. ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നടന്ന സമരത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസ് ഉപരോധത്തിനിടെയാണ് കോര്‍പ്പറേഷന്‍ സെക്രട്ടറിയ്ക്കും ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റത്.

 

Back to top button
error: Content is protected !!