മൂവാറ്റുപുഴയിൽ നിന്ന് കെ.എസ്.ആർ.ടി.സി. BOND- ബസ് ഓൺ ഡിമാൻഡ് സർവ്വീസുകൾ ഒക്ടോബർ ഒന്ന് മുതൽ.

 

മൂവാറ്റുപുഴ: ‘കെ.എസ്.ആർ.ടി.സി. BOND- ബസ് ഓൺ ഡിമാൻഡ് ‘പദ്ധതിക്ക് മൂവാറ്റുപുഴയിൽ തുടക്കമാകുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി മൂവാറ്റുപുഴ -കാക്കനാട് സിവിൽ സ്റ്റേഷൻ റൂട്ടിൽ സർവ്വീസ് ഒക്ടോബർ ഒന്നാം തീയതി രാവിലെ 8 മണിക്ക് എൽദോ എബ്രഹാം എം.എൽ.എ. ഉദ്ഘാടനം
നിർവ്വഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ ശൈലജ അശോകൻ, മധ്യമേഖല എക്സിക്യൂട്ടീവ് ഡയറക്ടർ എം. ടി. സുകുമാരൻ എന്നിവർ പങ്കെടുക്കും. കോവിഡ് നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടായിരിക്കും ബസ് സർവ്വീസുകൾ നടത്തുക.
ഓരോ യാത്രക്കാർക്കും സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യാവുന്ന തരത്തിൽ യാത്രക്കാരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാർക്ക് ബോണ്ട് നോൺ സ്റ്റോപ്പ്‌ ബസ്സുകളിൽ സഞ്ചരിച്ച് അവരവരുടെ ഓഫീസിനു തൊട്ടു മുന്നിൽ ഇറങ്ങുകയും അവിടെ നിന്നും തിരിച്ചു കയറുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 8:30 ന് മൂവാറ്റുപുഴയിൽ നിന്നും പുറപ്പെടുന്ന ബസ് കോലഞ്ചേരി, പുത്തൻകുരിശ്, കരിമുകൾ വഴി 9:45 ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ എത്തും. വൈകിട്ട് 5ന് മടക്കയാത്ര ആരംഭിക്കും. സ്ഥിരം യാത്രക്കാർക്കാണ് ബസിൽ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. 25 ദിവസം വരെയുള്ള പണം മുൻകൂറായി അടയ്ക്കുന്നവർക്ക് യാത്രയ്ക്കുള്ള ബോണ്ട് സീസൺ ടിക്കറ്റുകൾ ലഭിക്കും. ആദ്യം ഈ പദ്ധതിയിൽ അംഗമാകുന്ന 100 യാത്രക്കാർക്ക് ആകെ യാത്രാ തുകയിൽ നിന്നും ഡിസ്കൗണ്ടും നൽകുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിലേക്ക് യാത്രക്കാർ എത്തിച്ചേരാൻ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങൾ സുരക്ഷിതമായി സ്റ്റേഷനുകളിൽ തന്നെ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനായി 9188526746, 9447370615, 8281405236, 9539426226 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

BOND – Bus on Demand എന്ന പദ്ധതിയുടെ സവിശേഷതകൾ….

▶️ ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതാണ്.

▶️ യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പായിരിക്കും.

▶️ അവരവരുടെ ഓഫീസിന് മുന്നിൽ ബസ്സുകൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതാണ്.

▶️ ഈ സർവീസുകളിൽ 5, 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് യാത്രക്കുള്ള “BOND” ട്രാവൽ കാർഡുകൾ ഡിസ്കൗണ്ടോടു കൂടി കൈപ്പറ്റാവുന്നതാണ്.

▶️ കോവിഡ് നിബന്ധനകൾ പാലിച്ച് പൂർണ്ണമായും അണുവിമുക്തമാക്കിയ ബസുകളാണ് “BOND” സർവ്വീസിനായി ഉപയോഗിക്കുന്നത്.

▶️ എല്ലാ യാത്രക്കാർക്കും സാമൂഹ്യ അപകട ഇൻഷ്വറൻസ് ഉണ്ടായിരിക്കുന്നതാണ്.

▶️ ഓരോ “BOND” സർവ്വീസിന്റെയും യാത്രക്കാർക്കായി വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ബസിന്റെ തൽസമയ ലോക്കേഷൻ യാത്രക്കാരെ അറിയിക്കുന്നതാണ്.

Back to top button
error: Content is protected !!