നൂറോളം സിറ്റിംഗ് എംപിമാരെ വെട്ടി ബിജെപി; സ്ഥാനാർത്ഥിയാകാൻ മുൻ കോൺഗ്രസുകാർക്ക് പരിഗണന

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് രാജ്യം കടന്നിരിക്കെ, ബിജെപി പുറത്തുവിട്ട സ്ഥാനാര്‍ത്ഥികളുടെ ആറ് പട്ടികയില്‍ പുറന്തള്ളപ്പെട്ടത് നൂറോളം സിറ്റിംഗ് എംപിമാര്‍. ആകെ 400 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആറ് പട്ടിക പുറത്തുവന്നപ്പോഴാണ് ഇതില്‍ നാലിലൊന്ന് വരുന്ന സിറ്റിംഗ് എംപിമാര്‍ ഒഴിവാക്കപ്പെട്ടത്. 2019 ലും സമാനമായ നിലയില്‍ 99 സിറ്റിംഗ് എംപിമാരെ ബിജെപി ഒഴിവാക്കിയിരുന്നു. അന്ന് 437 സീറ്റിലാണ് ബിജെപി മത്സരിച്ചത്. എന്‍ഡിഎ ഘടകകക്ഷികളാണ് മറ്റിടങ്ങളില്‍ ബിജെപിയുടെ പിന്തുണയോടെ മത്സരിച്ചത്.ഇക്കുറി 405 സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇനിയും നിരവധി സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. 400 ലേറെ സീറ്റുമായി അധികാരത്തിലേറുകയെന്ന ലക്ഷ്യമാണ് ഇവര്‍ക്ക് മുന്നിലുള്ളത്. അതിനാല്‍ തന്നെ ഇക്കുറി സീറ്റ് നിഷേധിക്കപ്പെടുന്നവരുടെ എണ്ണം മുന്‍പത്തേതിലും കൂടുമെന്നാണ് വിലയിരുത്തല്‍. എംപിമാര്‍ക്കെതിരെ പ്രാദേശിക തലത്തിലുള്ള ഭരണ വിരുദ്ധ വികാരം വോട്ടിംഗില്‍ പ്രതിഫലിക്കാതിരിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഈ തന്ത്രം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താമര ചിഹ്നത്തെയും മുന്‍നിര്‍ത്തിയാണ് ഇക്കുറിയും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. അതിനാല്‍ തന്നെ സിറ്റിംഗ് എംപിമാര്‍ക്ക് തങ്ങളുടെ സീറ്റ് നഷ്ടത്തെ ചൊല്ലി കലാപമുയര്‍ത്താനുള്ള യാതൊരു സാഹചര്യവും പാര്‍ട്ടിക്കുള്ളിലില്ല. ആരെയും എപ്പോഴും മാറ്റാവുന്നതേയുള്ളൂവെന്ന ബോധം ബിജെപിക്കുള്ളില്‍ സൃഷ്ടിക്കപ്പെട്ടിട്ടുമുണ്ട്. ജയസാധ്യത മാത്രം മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ ഇത്തവണത്തെയും മത്സരം. അതാണ് രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയില്‍ എത്തിയ ധര്‍മ്മേന്ദ്ര പ്രധാന്‍, ഭുപേന്ദര്‍ യാദവ്, രാജീവ് ചന്ദ്രശേഖര്‍ എന്നിവരോട് മത്സരത്തിനിറങ്ങാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്. 2014 ല്‍ മോദി കൊണ്ടുവന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രത്തിലെ പ്രധാന മാറ്റങ്ങളില്‍ ഒന്നായിരുന്നു ഇത്. അന്ന് അരുണ്‍ ജെയ്റ്റ്‌ലി എന്ന ദീര്‍ഘകാലം ബിജെപിയുടെ രാജ്യസഭാംഗമായിരുന്ന നേതാവിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിന് ഇറക്കിയിരുന്നു. എന്നാല്‍ അദ്ദേഹം അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനോട് തോറ്റു.

മറ്റൊന്ന് മുന്‍ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചുള്ള പ്രധാനമന്ത്രിയുടെ നീക്കമാണ്. ശിവ്രാജ് സിംഗ് ചൗഹാന്‍, മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരെ മത്സരിപ്പിക്കുന്നത് ബിജെപിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് തന്ത്രമാണ്. ഈ ഗണത്തില്‍ മൂന്നാമത്തേത് കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയെത്തിയവരെ പരിഗണിച്ച രീതിയാണ്. കുരുക്ഷേത്രയില്‍ സ്ഥാനാര്‍ത്ഥിയാകുന്ന നവീന്‍ കുമാര്‍ ജിന്‍ഡല്‍, സിര്‍സയിലെ സ്ഥാനാര്‍ത്ഥി അശോക് തന്‍വാര്‍, പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി, കണ്ണൂരിലെ സ്ഥാനാര്‍ത്ഥി സി രഘുനാഥന്‍, പിലിബിത്തില്‍ മത്സരിക്കുന്ന ജിതിന്‍ പ്രസാദ്, ഗുണയിലെ സ്ഥാനാര്‍ത്ഥി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങി നിരവധി പേരാണ് ഈ കൂട്ടത്തിലുള്ളത്. മുതിര്‍ന്ന നേതാവെന്നതോ, പാര്‍ട്ടിയിലെ സ്ഥാനമോ നോക്കാതെ തന്നെ പലരെയും ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഇവരില്‍ ജനപിന്തുണ നഷ്ടമായവരും പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചവരും അടക്കം നിരവധി പേരുണ്ട്. മീനാക്ഷി ലേഖി, രമേശ് ബിദുരി, സദാനന്ദ ഗൗഡ, വരുണ്‍ ഗാന്ധി, പ്രഗ്യ സിംഗ് താക്കൂര്‍ എന്നിവരെല്ലാം ഈ കൂട്ടത്തില്‍ വീണുപോയവരാണ്.

 

Back to top button
error: Content is protected !!