ദുരന്ത നിവാരണ പരിശീലന ക്ലാസ് നടത്തി

കോതമംഗലം: സന്നദ്ധസേന പ്രവര്‍ത്തകര്‍ക്കായി താലൂക്കുതല ദുരന്ത നിവാരണ പരിശീലന ക്ലാസ് നടത്തി. പ്രകൃതി ദുരന്തങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, ആകസ്മികമായ അപകടങ്ങള്‍ തുടങ്ങിയവ ഉണ്ടായാല്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതിന് സാമൂഹ്യ സേവന സന്നദ്ധ സേനാംഗങ്ങള്‍ക്ക് വിദഗ്ദ പരിശീലനം നല്‍കുന്നതിന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയാണ് പരിശീലന ക്ലാസ് നടത്തിയത്.
കോതമംഗലം മിനിസിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ല ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദു മോള്‍ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. കോതമംഗലം തഹസില്‍ദാര്‍ റെയ്ച്ചല്‍ കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഐഎജി കണ്‍വീനര്‍ ജോര്‍ജ് എടപ്പാറ മുഖ്യപ്രഭാഷണം നടത്തി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ കെ.എസ്. എല്‍ദോസ്, കെ.കെ. ബിനോയി, ദുരന്ത നിവാരണ ഡിഡിഎംഎ അഞ്ജലി പരമേശ്വരന്‍, ഫസ്റ്റ് എയ്ഡ് താലൂക്ക് നഴ്‌സിംഗ് ഓഫീസര്‍ പി.എച്ച്. സെമീന, ലീഡര്‍ഷിപ്പ് പരിശീലക ലീല ജെറാള്‍ഡ് എന്നിവര്‍ ക്ലാസ് നയിച്ചു.
അതിവേഗ ദുരന്തത്തെ നിവാരണം ചെയ്യുന്നതിനും ലഘൂകരിക്കുന്നതിനും അപകടതീവ്രത കുറയ്ക്കുന്നതിനും മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നതിനും ആവശ്യമായ പ്രായോഗിക പരിശീലനമാണ് നല്‍കിയത്. താലൂക്ക് ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്, റെഡ് ക്രോസ്, വിവിധ കോളജുകള്‍, സംഘടനകള്‍ എന്നിവയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്നിവരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. 200ഓളം പേര്‍ പരിശീലനത്തില്‍പങ്കെടുത്തു

 

 

Back to top button
error: Content is protected !!