പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് ആവോലി പഞ്ചായത്ത് സ്ഥാപിച്ച കൂട അപ്രത്യക്ഷമായി.

 

മൂവാറ്റുപുഴ: പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് ആവോലി പഞ്ചായത്ത് സ്ഥാപിച്ച കൂട അപ്രത്യക്ഷമായി. സംസ്ഥാന പാതയുടെ ഭാഗമായുള്ള ആവോലി വാഴാട്ടു വളവിലാണ് കൂട സ്ഥാപിച്ചിരുന്നത്. ഇപ്പോൾ ഈ സ്ഥലത്ത് ജൈവ മാലിന്യമുൾപ്പെടെ കുന്നു കൂടി പൊതു ശല്യമായിരിക്കുകയാണ്. മാസങ്ങൾക്കു മുമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിച്ച് ബ്ലോക്ക് തലത്തിലുള്ള നിർമ്മാർജ്ജന കേന്ദ്രത്തിൽ എത്തിച്ചു പഞ്ചായത്തിൽ നിന്നും പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനം ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കൃത്യമായ ഇടവേളകളിൽ ഇവിടെ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യാൻ സാധിച്ചിരുന്നില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം ജൈവമാലിന്യങ്ങളും ഇവിടെ നിക്ഷേപിച്ചതോടെ കൂട നിറഞ്ഞ് ഈ പ്രദേശത്ത് ദുർഗന്ധം പരന്നിരുന്നു. ഇതേതുടർന്ന് താൽക്കാലികമായി മാലിന്യം നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ മാലിന്യ നിക്ഷേപത്തിനുള്ള കൂട ഇവിടെ ഇല്ലെങ്കിൽ പോലും ദിനംപ്രതി വഴിപോക്കരും ഈ പ്രദേശത്ത് ഉള്ളവരും ഉൾപ്പെടെ ജൈവ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നു.
ജൈവ മാലിന്യങ്ങൾ കൂടിയായതോടെ തീറ്റ തേടി വരുന്ന തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ സ്ഥലം. വളരെ വൃത്തിയായി കിടന്നിരുന്ന സ്ഥലത്ത് ഇപ്പോൾ രോഗ ഭീതിയും ദുർഗന്ധവും ഒപ്പം തെരുവുനായകളുടെ ശല്യം കൂടിയായതോടെ നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. മൂവാറ്റുപുഴ നിർമ്മല കോളജിനു സമീപത്തെ വളവിൽ സംസ്ഥാന പാതയിൽ തന്നെ അനധികൃതമായി മാലിന്യം വലിച്ചെറിച്ചെഞ്ഞ് മാലിന്യക്കൂമ്പാരം സൃഷ്ടിക്കുന്നത് പോലെ ഇവിടെയും ഈ സ്ഥിതി ആവർത്തിക്കപ്പെടുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

Back to top button
error: Content is protected !!