വാളകത്തെ ആള്‍കൂട്ടക്കൊലപാതകം: ബന്ധുക്കളെത്തിയില്ല, അശോക് ദാസിന്റെ മൃതദേഹം സംസ്‌കരിച്ചു

മൂവാറ്റുപുഴ: വാളകത്ത് ആള്‍ക്കൂട്ടമര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട അരുണാചല്‍പ്രദേശ് സ്വദേശി അശോക്ദാസിന്റെ മൃതദേഹം സംസ്‌കരിച്ചു. കവളങ്ങാട് പഞ്ചായത്തിലെ പൊതുശ്മശാനത്തിലാണ് മൂവാറ്റുപുഴ പോലീസിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചക്ക് 2ഓടെ അശോക്ദാസിന്റെ മൃതദേഹം സംസ്‌കരിച്ചത്. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തില്ലെന്ന് രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ അനുമതി വാങ്ങി പോലീസ് മൃതദേഹം സംസ്‌കരിച്ചത്. അന്യസംസ്ഥാനത്ത് കൊല്ലപ്പെട്ടയാളുടെ മൃതദേഹം ആഴ്ചകള്‍ കഴിഞ്ഞ് നാട്ടില്‍ എത്തിച്ച് സംസ്‌കാരം നടത്തുന്നതിനെ ഗ്രാമമുഖ്യന്‍ ഉള്‍പ്പെടെ എതിര്‍ത്തതോടെ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചിരുന്നു. എന്നാല്‍ രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കണമെന്ന നിലപാടിലായിരുന്നു ജില്ലാ ഭരണകൂടവും, തൊഴില്‍ വകുപ്പും, പോലീസും. കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശിലെ വെസ്റ്റ് സിയാങ് ജില്ലയിലെ ആലോ പോലീസ് സ്റ്റേഷനില്‍ നിന്ന് രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കുകയും, തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം സംസ്‌കരുക്കുകയുമായിരുന്നു. കഴിഞ്ഞ 4ന് രാത്രിയിലാണ് വാളകത്ത് ആള്‍ക്കൂട്ടമര്‍ദ്ദനത്തിനിരയായ അശോക്ദാസ് കൊല്ലപ്പെട്ടത്.

Back to top button
error: Content is protected !!