ആരക്കുഴ സെന്‍റ് മേരീസ് ഫൊറോന പള്ളി മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമാകുന്നു

 

മൂവാറ്റുപുഴ : അതിപുരാതന തീര്‍ത്ഥാടന കേന്ദ്രമായ ആരക്കുഴ സെന്‍റ് മേരീസ് ഫൊറോന പള്ളി മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തുന്നു. നാളെ(08-04-2021) വൈകുന്നേരം മൂന്നിന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആരക്കുഴ പള്ളിയെ സീറോ മലബാര്‍ സഭയിലെ څമേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പില്‍ഗ്രിം ചര്‍ച്ച് ആയി പ്രഖ്യാപിക്കുമെന്ന് വികാരി ഫാ. ജോണ്‍ മുണ്ടയ്ക്കല്‍ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനത്തോടനുബന്ധിച്ച് നടക്കുന്ന ദിവ്യബലിയില്‍ കര്‍ദിനാളിനോടൊപ്പം കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ബിഷപ് എമെരിറ്റുസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മൂവാറ്റുപുഴ രൂപതാ മെത്രാപ്പോലീത്ത റവ. ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. തുടര്‍ന്ന് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ബിഷപ് എമെരിറ്റുസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മൂവാറ്റുപുഴ രൂപതാ മെത്രാപ്പോലീത്ത റവ. ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ആശംസകള്‍ നേര്‍ന്ന് സിഎംസി പാവനാത്മ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ നവ്യ മരിയ, ഇടവക പ്രതിനിധി ഐപ്പച്ചന്‍ തടിക്കാട്ട് എന്നിവര്‍ പ്രസംഗിക്കും. വികാരി ഫാ. ജോണ്‍ മുണ്ടയ്ക്കല്‍ സ്വാഗതവും, അസി. വികാരി ഫാ. ആന്‍റണി ഞാലിപ്പറമ്പില്‍ കൃതജ്ഞതയും അര്‍പ്പിക്കും. ഇതോടൊനുബന്ധിച്ച് സ്നേഹ വിരുന്നും നടത്തപ്പെടുന്നു. ചടങ്ങുകള്‍ക്ക് ട്രസ്റ്റിമാരായ ഐപ്പച്ചന്‍ തടിക്കാട്ട്, ജെയിംസ് തെക്കേല്‍, ഡാന്‍റി നടുവിലേടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. എ.ഡി. 999ല്‍ സ്ഥാപിതമായ ആരക്കുഴ പള്ളി അനേകം ഇടവക പള്ളികളുടെ മാതൃദേവാലയമാണ്. ആരക്കുഴ പള്ളിയില്‍ നിന്ന് വിഭജിച്ച് 1820-ല്‍ മൂവാറ്റുപുഴയും, 1840-ല്‍ വാഴക്കുളവും, 1864-ല്‍ പെരിങ്ങഴയും, 1889-ല്‍ അരിക്കുഴയും, 1902-ല്‍ തോട്ടക്കരയും, 1925-ല്‍ മീങ്കുന്നവും, 1953-ല്‍ ചിറ്റൂരും, 1958-ല്‍ പെരുമ്പല്ലൂരും, നടുക്കരയും, 1961-ല്‍ മാറാടിയിലും ഇടവക പള്ളികളുണ്ടായി. ആരക്കുഴ ഇടവകയില്‍ നിന്ന് അനേകം കുടുംബങ്ങള്‍ മലബാറിലേക്കും തൊടുപുഴ പ്രദേശത്തേയ്ക്കും കുടിയേറിയിട്ടുണ്ട്. 1891 ഒക്ടോബര്‍ 10ന് ആരക്കുഴ പള്ളിയെ ഫൊറോനയായി ഉയര്‍ത്തി. രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളിയുടെ ചരിത്രം മുഴുവനും ഇവിടെ ഓലക്കെട്ടുകളില്‍ സൂക്ഷിച്ചിരിക്കുന്നു. വട്ടെഴുത്തിലും കോലെഴുത്തിലുമുള്ള ഓലകളും കുറേ ചെമ്പേടുകളും പള്ളിയില്‍ ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഏതാണ്ട് 200 വര്‍ഷത്തെ കല്‍പ്പനകളും മറ്റു രേഖകളും പള്ളിയിലുണ്ട്. ആരക്കുഴ പള്ളിയുടെ പൗരാണികത്വവും പ്രൗഢിയും ഉന്നതസ്ഥാനവും തെളിയിക്കുന്ന ഒന്നാണ് പള്ളിയിലെ അള്‍ത്താരകള്‍. കേരളത്തിലെ ചുരുക്കം ചില പള്ളികളില്‍ മാത്രമേ ഇത്തരത്തിലുള്ള അള്‍ത്താരകള്‍ കാണാന്‍ സാധിക്കുകയുള്ളൂ. പള്ളിയോട് അനുബന്ധിച്ചുള്ള മലേക്കുരിശില്‍ 1957 മുതല്‍ പുതുഞായര്‍ തിരുനാള്‍ ആഘോഷിച്ചുവരുന്നു.

ഫോട്ടോ ………………
മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തുന്ന ആരക്കുഴ സെന്‍റ് മേരീസ് ഫൊറോന പള്ളി.

Back to top button
error: Content is protected !!