ആരക്കുഴ,പാലക്കുഴ പഞ്ചായത്തുകളിലെ സമഗ്ര ശുദ്ധ ജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

വാഴക്കുളം: ജലമിഷൻ പദ്ധതിയിലൂടെ എല്ലാ വീടുകളിലും ജലമെത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
ആരക്കുഴ,പാലക്കുഴ പഞ്ചായത്തുകൾക്കുള്ള സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം പണ്ടപ്പിള്ളിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ആഗോള തലത്തിലെ കാലാവസ്ഥാ വ്യതിയാനം മൂലം ഭൂഗർഭ ജലലഭ്യത വർഷം തോറും കുറഞ്ഞുവരികയാണ്. കുടിവെള്ളത്തിനായി ഇതര സ്രോതസുകളെ ആശ്രയിക്കേണ്ട സാഹചര്യത്തിലാണ് ജലമിഷൻ പദ്ധതി എല്ലാ വീടുകളിലും നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മാത്യു കുഴൽനാടൻ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎമാരായ ജോസഫ് വാഴയ്ക്കൻ, എൽദോ എബ്രഹാം,
ജില്ല പഞ്ചായത്തു പ്രസിഡൻറ് ഉല്ലാസ് തോമസ്, പാമ്പാക്കുട ബ്ലോക്കു പഞ്ചായത്തു പ്രസിഡൻറ് ആലീസ് ഷാജു,പഞ്ചായത്തു പ്രസിഡൻ്റുമാരായ കെ.എ ജയ, ഓമന മോഹനൻ,
വൈസ് പ്രസിഡൻ്റ് സാബു പൊതൂർ തുടങ്ങിയവർ പ്രസംഗിച്ചു.

ആരക്കുഴ,പാലക്കുഴ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും ഉൾപ്പെടുന്ന കുടിവെള്ള പദ്ധതിയാണിത്.
തൊടുപുഴയാറിൽ നിന്നുള്ള ജലം ആരക്കുഴ മൂഴിയിൽ നിലവിലുള്ള കിണറിൽ ശേഖരിച്ച് പ്രതിദിനം 55 ലക്ഷം ലിറ്റർ ശേഷിയുള്ള പണ്ടപ്പിള്ളി കൊന്നാനിക്കാട്ട് ജല ശുദ്ധീകരണ ശാലയിലെത്തിച്ച് ശുദ്ധീകരിക്കുന്നു.
ഇരു പഞ്ചായത്തുകളിലായി 4870 ഗ്രാമീണ കുടുംബങ്ങളിലേക്ക് കണക്ഷൻ എടുത്തിട്ടുണ്ട്.നിലവിൽ ഇവിടെ ബാക്കിയുള്ള 3243 കുടുംബങ്ങൾക്കും വെള്ളമെത്തിക്കാനും പദ്ധതിയുണ്ട്. അടുത്ത 30 വർഷത്തെ ജനസംഖ്യാ വർദ്ധനവു പരിഗണിച്ച് മുപ്പത്തയ്യായിരത്തോളം ആളുകൾക്ക് പ്രതിദിനം 100 ലിറ്റർ കുടിവെള്ളം എന്ന പരിഗണനയോടെയാണ് പദ്ധതി പൂർത്തീകരിക്കുന്നത്.

Back to top button
error: Content is protected !!