നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 12 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരന്‍ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അദ്ദേഹം നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1978 ല്‍ ഭരതനാണ് ഇദ്ദേഹത്തെ ആരവമെന്ന സിനിമയിലൂടെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയത്. 1979 ല്‍ പുറത്തുവന്ന തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമയാണ്. 1980 ല്‍ പുറത്തുവന്ന ലോറി, ചാമരം എന്നീ സിനിമകളിലൂടെയാണ് പ്രതാപ് പോത്തന്‍ സിനിമാ രംഗത്ത് ചുവടുറപ്പിച്ചത്.
തിരുവനന്തപുരം സ്വദേശിയായ പ്രതാപിന്റെ വിദ്യാഭ്യാസം ഊട്ടിയിലെ ബോര്‍ഡിങ് സ്‌കൂളിലും മലബാര്‍ ക്രിസ്ത്യന്‍ കോളേജിലുമായിട്ടായിരുന്നു. പിന്നീട് മുംബൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് കയറി. ഇവിടെ വെച്ച് നാടകാഭിനയത്തില്‍ സജീവമായി. ഇതിലൂടെയാണ് ഭരതനെ പരിചയപ്പെട്ടത്. ഇതോടെ ജീവിതം വെള്ളിത്തിരയിലേക്ക് മാറി.

മലയാളത്തില്‍ ലഭിച്ചതിലുമേറെ അവസരം പ്രതാപ് പോത്തന് തമിഴിലായിരുന്നു കിട്ടിയത്. 1987 ല്‍ ഋതുഭേദം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധാനത്തിലേക്ക് കടന്നത്. പിന്നീട് ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. തമിഴില്‍ ജീവ, വെട്രി വീഴ, സീവലപെരി പാണ്ടി, ലക്കി മാന്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

 

Back to top button
error: Content is protected !!