പിന്നോക്ക വിഭാഗ വികസന കോര്പറേഷന്: മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം നടത്തി
പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ കുടുംബശ്രീകള്‍ക്കുള്ള കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ മൈക്രോ ക്രെഡിറ്റ് വായ്പയുടെ വിതരണം നടന്നു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ കോര്പറേഷന് ചെയര്മാന് അഡ്വ. കെ. പ്രസാദ് തുക കൈമാറി. 1,51,58,900 രൂപയാണ് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി. ഡയറക്ടര്‍ ഉദയന്‍ പൈനാക്കി, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഷെരീഫ റഷീദ്, കോര്പറേഷന് മാനേജര്‍ ജി ശശികല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ വൈസ് ചെയര്പേഴ്സന് നജി ജബ്ബാര്‍ എന്നിവര്‍ പ്രസംഗിച്ചു.