മൂവാറ്റുപുഴയില്‍ പഴം, പച്ചക്കറി സംഭരണ വിപണന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
മൂവാറ്റുപുഴ: കൃഷി വകുപ്പ് ഉദ്യോഗസസ്ഥരുടെയും അഗ്രോ സര്‍വീസ് സെന്ററിന്റെയും സഹകരണത്തോടെ മൂവാറ്റുപുഴ ഇഇസി മാര്‍ക്കറ്റില്‍ പഴം, പച്ചക്കറി സംഭരണ വിപണന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. എല്‍ദോ ഏബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ഉഷ ശശീധരന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി, ജില്ലാ പഞ്ചായത്തംഗം എന്‍. അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ട്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ഉമാമത്ത് സലിം, നഗരസഭാംഗം പി.വൈ. നൂറുദീന്‍, ഇഇസി മാര്‍ക്കറ്റ് കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ നിമ്മി സേവ്യര്‍, മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ജീവനി സജ്ജീവനി പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്കിലെ കൃഷി ഉദ്യോഗസ്ഥരാണ് സംഭരണവും വിപണനവും ഏറ്റെടുത്തിരിക്കുന്നത്.
പഞ്ചായത്തുകളില്‍ നിന്നായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ രാവിലെ മുതല്‍ എത്തിച്ചിരുന്നു. വെള്ളരി, പടവലം, സാലഡ് കുക്കുമ്ബര്‍, മത്തന്‍, കോവക്ക തുടങ്ങി 40ല്‍ പരം ഇനങ്ങളും ഇന്നലെ വില്പനയ്ക്കെത്തിയിരുന്നു. മാര്‍ക്കറ്റ് വിലയില്‍നിന്നും അഞ്ചു രൂപ മുതല്‍ 15 രൂപ വരെ വിലക്കുറച്ചാണ് വില്പന നടത്തുന്നത്. ആദ്യ ദിവസം 45 കര്‍ഷകരില്‍ നിന്നായി ആറ് ടണ്‍ ഉത്പന്നങ്ങളാണ് സംഭരിച്ചത്. കൃഷി വകുപ്പ് നിശ്ചയിച്ച വില പ്രകാരമായിരിക്കും കേന്ദ്രം പ്രവര്‍ത്തിക്കുക. കോവിഡ് 19ന്റെ പൂര്‍ണമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ചയുള്‍പ്പെടെ തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും സംഭരണ വിപണന കേന്ദ്രം പ്രവര്‍ത്തിക്കുമെന്ന് മൂവാറ്റുപുഴ കൃഷി അസി. ഡയറക്ടര്‍ ടാനി തോമസ് അറിയിച്ചു.