പുലി ഭീതിയില്‍ പാലക്കുഴ നിവാസികള്‍

പാലക്കുഴ: പുലി ഭീതിയില്‍ പാലക്കുഴ നിവാസികള്‍. പഞ്ചായത്തിലെ മാറിക, വഴിത്തല മേഖലയില്‍ പുലി ഇറങ്ങിയതായ ആശങ്ക പടര്‍ന്നതോടെ ജനങ്ങള്‍ ഭീതിയിലാണ്. തിങ്കളാഴ്ച രാത്രിയാണ് വഴിത്തല പതിപ്പള്ളി സജിയുടെ വീടിന്റെ പരിസരത്ത് പുലിയെ കണ്ടതായി പറയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടും വിസര്‍ജ്യവും കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയാണെന്ന് സ്ഥിരീകരിച്ചില്ല. കൂടാതെ മാറിക കോലടി ഭാഗത്തും പുലിയെ കണ്ടതായി പറയുന്നു. എറണാകുളം, ഇടുക്കി ജില്ലകളോട് അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളാണ് മാറിക, വഴിത്തല പ്രദേശങ്ങള്‍. പത്തുകിലോമീറ്റര്‍ അപ്പുറം കരിങ്കുന്നം ഭാഗത്തും പുലിയെ കണ്ടെന്ന വാര്‍ത്ത പരന്നതോടെ മാറിക അമ്പാട്ടുകണ്ടം, വഴിത്തല ഭാഗത്തുള്ളവര്‍ ആശങ്കയിലാണ്. 2016 ജനുവരിയില്‍ മാറിക അന്പാട്ടുകണ്ടത്ത് വീട്ടുവളപ്പിലെ കിണറില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

Back to top button
error: Content is protected !!