രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ നെടുമ്പാശേരിയിൽ വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല: പുതിയ ക്രമീകരണങ്ങൾ ഇങ്ങനെ

Muvattupuzhanews.in

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നവംബര്‍ 20ന് ആരംഭിക്കുന്ന റണ്‍വെ നവീകരണം കണക്കിലെടുത്തുള്ള ശീതകാല സമയപ്പട്ടിക ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

മാര്‍ച്ച് 28 വരെ നിലനിൽക്കുന്നതായിരിക്കും പുതിയ പട്ടിക. റണ്‍വെ നവീകരണം സുഗമമായി നടക്കാന്‍ വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. തിരക്ക് ഒഴിവാക്കാന്‍ ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ചെക്ക്-ഇന്‍ സൗകര്യം മൂന്നു മണിക്കൂര്‍ മുൻപാക്കി.

റണ്‍വെ നവീകരണ സമയത്തു രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ഈ സമയത്തുള്ള വിമാനങ്ങള്‍ രാത്രിയിലേക്കു പുനഃക്രമീകരിച്ചു.

രാജ്യാന്തര വിഭാഗത്തില്‍ രണ്ടും ആഭ്യന്തര വിഭാഗത്തില്‍ നാലും സര്‍വീസുകളാണു റണ്‍വെ നവീകരണവുമായി ബന്ധപ്പെട്ടുള്ള സമയ പുനഃക്രമീകരണത്തില്‍ നഷ്ടപ്പെട്ടിട്ടുള്ളത്. സൗദി അറേബ്യയിലെ ദമാമിലേയ്ക്കും മാലിയിലെ ഹനിമാധുവിലേയ്ക്കും പുതിയ സര്‍വീസുകള്‍ ഉള്‍പ്പെടുത്തി.

ആഴ്ചയില്‍ 1346 സര്‍വീസുകളാണു കൊച്ചി വിമാനത്താവളത്തിൽ നിന്നുണ്ടാകുക. സൗദിയിലെ ദമാമിലേക്കു ഫ്ലൈ നാസ് എയര്‍ലൈന്‍സ് പുതിയ സര്‍വീസ് തുടങ്ങും. നിലവില്‍ സൗദിയ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എന്നിവ സൗദിയിലെ വിവിധ വിമാനത്താവളങ്ങളിലേക്കു സര്‍വീസ് നടത്തുന്നുണ്ട്.

ഇന്‍ഡിഗോ നിലവിലുള്ള ജിദ്ദ സര്‍വീസിനു പുറമെ ദമാമിലേക്കു പുതിയ സര്‍വീസ് നടത്തും. മാലി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐലന്‍ഡ് ഏവിയേഷന്‍ സര്‍വീസ് കൊച്ചിയില്‍ നിന്നു മാലിയിലേക്കും ഹനിമാധു വിമാനത്താവളത്തിലേക്കും പുതിയ സര്‍വീസ് തുടങ്ങും. നിലവില്‍ മാലിയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്.

Leave a Reply

Back to top button
error: Content is protected !!