പേഴയ്ക്കാപ്പിളളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് വീണ്ടും മികച്ച പിടിഎ അവാര്‍ഡ്

മുവാറ്റുപുഴ: പൊതു വിദ്യാഭ്യാസ വകുപ്പ് മികച്ച പിടിഎക്ക് നല്‍കുന്ന അവാര്‍ഡ് ജില്ലയില്‍ ഇത്തവണ പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ തേടിയെത്തി. ഇത് രണ്ടാം തവണയാണ് സ്‌കൂളിന് അവാര്‍ഡ് ലഭിക്കുന്നത്.2018-2019 അധ്യയന വര്‍ഷം പിടിഎയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മികച്ച പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.ഫൈസല്‍ മുണ്ടങ്ങാമറ്റം പ്രസിഡന്റായുള്ള പിടിഎ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.പഠന നിലവാരം മെച്ചപ്പെടുത്തുകയും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്തതിനാണ് അവാര്‍ഡ്. നിയോജക മണ്ഡലത്തിലെ ഏക ഹൈടെക്ക് വിദ്യാലയമായ ഈ സ്‌കൂളില്‍ കുട്ടികളുടെ എണ്ണത്തിലും വന്‍ കുതിച്ചു ചാട്ടമാണ് ഈ വര്‍ഷവും ഉണ്ടായിട്ടുള്ളത്. പിടിഎയുടെ നേതൃത്തില്‍ സ്‌കൂള്‍ വളപ്പില്‍ ജൈവ പച്ചക്കറി കൃഷി, സ്‌കൂള്‍ സൗന്ദര്യവല്‍ക്കരണം, സാമ്പത്തിക പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള കൈത്താങ്ങ്, പ്രതിഭകള്‍ക്കായുള്ള എന്‍ഡോവ്‌മെന്റുകള്‍, വിവിധ സാമൂഹിക ബന്ധിത പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഏറ്റെടുത്ത് നടപ്പിലാക്കുകയുണ്ടായി.മികച്ച അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഈ വര്‍ഷം മുതല്‍ സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി)യും അനുവദിച്ചിട്ടുണ്ട്. ഈ പ്രളയ കാലത്ത് ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് കുട്ടികള്‍ മലബാറിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക്  അയച്ചത്. ഇടപ്പിള്ളി ഗവ.ടി.ടി.ഐയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് തുകയായ നാല്പതിനായിരം രൂപയും പ്രശസ്തിപത്രവും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ വി.പി.മിനിയില്‍ നിന്നും പിടിഎ പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റം, ഹെഡ്മിസ്ട്രസ് എ.കെ.നിര്‍മ്മല, ഗിരിജ.ഡി. പണിക്കര്‍, കെ.എം ഹസ്സന്‍, ബിജി കലേശന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.     

Leave a Reply

Back to top button
error: Content is protected !!