പിൻസീറ്റിലിരിക്കുന്നവർക്ക് ഹെൽമറ്റ് നിർബന്ധം: ഹൈക്കോടതി

കൊച്ചി:ഇരുചക്രവാഹനങ്ങളിൽ പിൻ സീറ്റിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാണെന്ന് ഹൈക്കോടതി. ഹെൽമറ്റ് വേണ്ടെന്ന് പറയാൻ സർക്കാരിന് അവകാശമില്ലെന്ന് വ്യക്തമാക്കിയ കോടതി,​ ചൊവ്വാഴ്ചയ്ക്കകം പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കമെന്ന് കോടതി നിർദേശിച്ചു. അല്ലാത്തപക്ഷം കോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

കേന്ദ്ര മോട്ടോർ വാഹന നിയമം നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നാലു വയസിന് മുകളിൽ പ്രായമുള്ള, ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ട് 2019 ഓഗസ്റ്റ് 9-നാണ് കേന്ദ്രം നിയമഭേദഗതി ചെയ്തത്.1988-ലെ കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് കേരളം പിൻസീറ്റ് യാത്രക്കാർക്ക് ഇളവ് അനുവദിച്ചിരുന്നു. കേന്ദ്ര നിയമത്തിനെതിരെ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്നും,ഇത് തിരുത്തണമെന്നും കോടതി നിർദേശിച്ചു. പിൻ സീറ്റ് ഹെൽമറ്റ് നിർബന്ധമാക്കിയ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് കോടതിയുടെ വിമർശനം.

Leave a Reply

Back to top button
error: Content is protected !!