പാരീസ് സൈക്കിൾ മാരത്തണിൽ മുവാറ്റുപുഴയുടെ അഭിമാനമാകാൻ ഷിനാജ്.

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്‌തമായ പാരീസ് സൈക്കിൾ മാരത്തണിൽ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണം ലഭിച്ച ആഹ്ളാദത്തിലാണ് മുവാറ്റുപുക്കാരൻ ഷിനാജ്. എറണാകുളത്തെ ബൈക്ക് ടെയിൽസ് സൈക്കിൾ ഷോപ്പിൽ മാനേജറായി ജോലി ചെയ്യുന്ന ഷിനാജിനെ സംബന്ധിച്ചിടത്തോളം പാരീസ് സൈക്കിൾ മാരത്തണിലേക്കുള്ള ക്ഷണം വലിയ സ്വപ്ന സാക്ഷാൽക്കാരവും നിരന്തരമായ പരിശ്രമത്തിന് ലഭിച്ച അംഗീകാരവുമാണ്. ഒട്ടും എളുപ്പമല്ലാത്ത യോഗ്യതാ മത്സരങ്ങളെല്ലാം പിന്നിട്ട്, വിസയും ഓഫർ ലെറ്ററും കയ്യിൽ കിട്ടിയെങ്കിലും ഇതിനാവശ്യമുള്ള പണച്ചിലവ് സൈക്കിൾ ഷോപ്പ് മാനേജറായി ജോലി നോക്കുന്ന ഷിനാജിന് മുന്നിൽ  വലിയവെല്ലു വിളിയാണ്. എങ്കിലും, തൻ്റെ സുഹൃത്തുക്കളും മുവാറ്റുപുഴയുടെ അഭിമാനമുയർത്താൻ ആഗ്രഹിക്കുന്ന നാട്ടുകാരും തന്നെ സഹായിക്കുമെന്ന്  ഉറച്ച വിശ്വാസത്തിലാണ് ഷിനാജ്.
ആറ് സംസ്ഥാനങ്ങളിലൂടെ കടന്നു പോയ രാജ്യത്തെ ആദ്യ 1400 കിലോമീറ്റർ സൈക്കിൾ മാരത്തണിലും കൊച്ചിൻ ബൈക്കേഴ്‌സ് ക്ലബ് സംഘടിപ്പിച്ച 1200 കിലോമീറ്റർ സൈക്ക്ളിംഗ് മത്സരത്തിലും മിന്നുന്ന വിജയമാണ് ഷിനാജ് കരസ്ഥമാക്കിയത്. 1200 കിലോമീറ്റർ മാരത്തണിൽ സംഘാടകർ തീരുമാനിച്ച സമയം 90 മണിക്കൂറായിരുന്നു. എന്നാൽ, ഷിനാജത് 78 മണിക്കൂർ കൊണ്ട് പൂർത്തീകരിച്ചു. രാജ്യത്തിൻ്റെ പലഭാഗങ്ങളിൽ നിന്നായി 33 പേർ പങ്കെടുത്ത 1400 കിലോമീറ്റർ സൈക്കിൾ മാരത്തണിലും സംഘാടകർ നിശ്ചയിച്ച സമയത്തെ വെല്ലു വിളിച്ചു കൊണ്ടാണ് ഷിനാജ് വിജയം രചിച്ചത്. ഹരിയാന, പഞ്ചാബ്, ജമ്മു-കശ്മീർ, ഹിമാചൽ പ്രദേശ് ഉൾപ്പടെയുള്ള 6 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് തിരികെയെത്താൻ സംഘാടകർ നിശ്ചയിച്ച 112 മണിക്കൂർ എന്നത് 105 മണിക്കൂർ കൊണ്ടാണ് ഷിനാജ് കീഴടക്കിയത്.
പാരീസ് സൈക്കിൾ മാരത്തണിൽ സഘാടകർ നിശ്ചയിച്ച 1200 കിലോമീറ്റർ 90 മണിക്കൂർ കൊണ്ട് ഓടിയെത്തുക എന്നത് 80 മണിക്കൂർ കൊണ്ട് കീഴടക്കാൻ കഴിയുമെന്നാണ് ഷിനാജിൻ്റെ ആത്മവിശ്വാസം.  ഈ ലക്‌ഷ്യം നേടാനായി ജോലി തിരക്കിനിടയിലും പരിശീലനം തുടരുകയാണ് ഈ സൈക്കിൾ കമ്പക്കാരൻ.  പാരീസ് മത്സരവിജയ ശേഷം, അടുത്ത ലക്ഷ്യമായ  2021-ലെ ലണ്ടൻ സൈക്കിൾ മാരത്തണിലും സംഘാടക സമയത്തെ ഞെട്ടിക്കാൻ ആഗ്രഹിക്കുന്ന ഷിനാജ് സൈക്കിളോട്ടം വിവിധ രൂപത്തിൽ മരണം വരെ തുടരാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. രാജ്യത്തെ അറിയപ്പെടുന്ന സൈക്കിൾ കോച്ച് ആകുക എന്നതും ഏഷ്യയിലെ ഏറ്റവും പ്രശസ്‌തമായ സൈക്കിളോട്ട പരിശീലന കേന്ദ്രം കേരളത്തിൽ ആരംഭിക്കുക എന്നതും മോഹമായി കൊണ്ട് നടക്കുന്ന ഷിനാജിന് പിന്നിൽ സുഹൃത്തുക്കളും മുവാറ്റുപുഴക്കാരെല്ലാവരും ഉണ്ട്.

Leave a Reply

Back to top button
error: Content is protected !!