അങ്കമാലി ശബരി റെയില്‍ പാത നിര്‍മ്മാണം; സംസ്ഥാന മന്ത്രിസഭ തീരുമാനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി.

Muvattupuzhanews.in

മൂവാറ്റുപുഴ: അങ്കമാലി ശബരി റെയില്‍ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭ തീരുമാനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട്  അങ്കമാലി -ശബരി സംയുക്ത ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ആക്ഷന്‍ കൗണ്‍സിലുകളുടെ സംയുക്ത സമിതി കണ്‍വീനര്‍ മുന്‍ എംഎല്‍എ ബാബു പോള്‍, വിവിധ പ്രാദേശിക ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ മുന്‍എംഎല്‍എ ഗോപി കോട്ടമുറിക്കല്‍, അഡ്വ.പി.എം. ഇസ്മയില്‍, അഡ്വ ഇ.എ.റഹീം, ജിജോ പനിച്ചനാനി എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്. കേന്ദ്രബജറ്റില്‍ അങ്കമാലി-ശബരി റയില്‍ പാതയ്ക്ക് 220-കോടി രൂപയാണ്  വകയിരുത്തിയിരിക്കുന്നത്. പദ്ധതി ചിലവിന്റെ പകുതി തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം വന്നതോടെ പദ്ധതി ചിലവിന്റെ പകുതി 1408 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനം എടുത്തിരുന്നു. ഈ തീരുമാനം വൈകുന്നതിനെതിരെയാണ് സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്. ശബരി പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകുമെന്നും, പദ്ധതിയ്ക്കായി ഇപ്പോള്‍ വന്നിരിക്കുന്ന തടസങ്ങള്‍ പരിശോധിച്ച് പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിവേദക സംഘത്തിന് ഉറപ്പ് നല്‍കിയതായി കണ്‍വിനര്‍ ബാബു പോള്‍ പറഞ്ഞു.  കൊങ്കണ്‍ റെയില്‍വേ മാതൃകയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജോയിന്റ് വെഞ്ചര്‍ കമ്പനി വഴി പദ്ധതി നടപ്പാക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 21 വര്‍ഷം മുമ്പ് കല്ലിട്ട് തിരിച്ച കാലടി മുതല്‍ രാമപുരം വരെയുള്ള 73 കിലോ പ്രദേശത്തെ സ്ഥല ഉടമകള്‍ക്ക്  ഭൂമി വില്‍ക്കാനോ പണയം വയ്ക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വേഗത്തിലാക്കാനും, റെയില്‍വേയുമായി ധാരണാപത്രം ഒപ്പുവയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 2.815 കോടി രൂപയാണ് പദ്ധതിയ്ക്കായ് ചിലവ് കണക്കാക്കുന്നത്. അങ്കമാലി- ശബരി റെയില്‍പാതയുടെ പ്രാധാന്യം കണക്കിലെടുത്ത് നിര്‍ദ്ധിഷ്ട പദ്ധതി പ്രധാനമന്ത്രിയുടെ പ്രഗതി സ്‌കീമില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്. പാതയുടെ അങ്കമാലി മുതല്‍ കാലടി വരെയുള്ള ഭാഗത്ത്  നിര്‍മ്മാണം നടക്കുന്നത്.  പദ്ധതി ചിലവിന്റെ പകുതി 1408 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായതോടെ പദ്ധതി നടപ്പാകുമെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ 21 വര്‍ഷമായി ഒരു തീരുമാനവുമാകാതെ വിസ്മൃതിയിലേയ്ക്ക് മറയുകയായിരുന്നു ശബരി റെയില്‍ പദ്ധതി. റെയില്‍വേ ലൈന്‍ കടന്നു പോകുന്ന ഇടങ്ങളില്‍ നൂറ് കണക്കിന് സ്ഥലം ഉടമകള്‍ ഭൂമിയുടെ ക്രയവിക്രയം നടത്താനാകാതെ പ്രതിസന്ധി നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ശബരി റെയില്‍ പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമര സന്ദേശ ജാഥ സംഘടിപ്പിച്ചത്. കരിങ്കുന്നം മുതല്‍ കാലടി വരെ 5 ദിവസം നീണ്ടുനിന്ന കാല്‍നട ജാഥയില്‍ ആയിരക്കണക്കിന് ആളുകള്‍ അണിനിരന്നത്. വിവിധ ബജറ്റുകളിലൂടെ 380 കോടി രൂപ അനുവദിക്കുകയും ചെയ്തു. പിന്നീട് കേന്ദ്രവും സംസ്ഥാനവും തുല്യമായി പദ്ധതി ചിലവ് വഹിച്ചാലേ പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയൂ എന്ന നയപരമായ തീരുമാനം റെയില്‍വേ മന്ത്രാലയം അറിയിക്കുകയായിരുന്നു.പദ്ധതി ചിലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായതോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പായതെന്നും സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ബാബുപോള്‍ പറഞ്ഞു.

ചിത്രം- ആങ്കമാലി-ശബരി റയില്‍പാത നിര്‍മ്മാണം സംസ്ഥാന മന്ത്രിസഭ തീരുമാനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ മുന്‍എം.എല്‍.എ ബാബു പോളിന്റെ  നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്  നിവേദനം നല്‍കുന്നു. മുന്‍എം.എല്‍.എ ഗോപി കോട്ടമുറിയ്ക്കല്‍ സമീപം.

Leave a Reply

Back to top button
error: Content is protected !!