ചൂണ്ടി – രാമമംഗലം റൂട്ടിൽ ട്രെയ്ലർ ലോറിയിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു.
കോലഞ്ചേരി: ചൂണ്ടി – രാമമംഗലം റൂട്ടിൽ ചൂണ്ടി വാട്ടർ അതോറിറ്റിക്ക് സമീപം ട്രെയ്ലർ ലോറിയിലേക്ക് മരം ഒടിഞ്ഞ് വീണു. ഇന്ന് വൈകിട്ട് പെയ്ത ചാറ്റൽ മഴയിൽ റോഡ് വശത്ത് നിന്ന സ്വകാര്യ വ്യക്തിയുടെ കൂറ്റൻ മാവിൻ്റെ പ്രധാന ചില്ല ഒടിഞ്ഞ് വീഴുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്. നൂറ് കണക്കിന് ചെറുവാഹനങ്ങൾ പോകുന്ന ഈ റൂട്ടിൽ വലിയ അപകടമാണ് ഭാഗ്യം കൊണ്ട് ഒഴിഞ്ഞു പോയത്. സമീപത്തെ വൈദ്യുതി ലൈനുകളിലേക്കും മരച്ചില്ലകൾ ഒടിഞ്ഞു വീണിരുന്നു. ഫയർഫോഴ്സ്, പുത്തൻകുരിശ് പോലീസ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നു.