സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടൻ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്

തിരുവനന്തപുരം: 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം നടന്‍ മമ്മൂട്ടി സ്വന്തമാക്കി.നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്‌കാര അര്‍ഹന്‍ ആയത്. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ മമ്മൂട്ടി ചിത്രങ്ങളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. വിന്‍സി അലോഷ്യസ് ആണ് മികച്ച നടി. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിന്‍സി പുരസ്‌കാരത്തിന് അര്‍ഹയായത്. ആകെ 154 ചിത്രങ്ങളാണ് ജൂറി ഇത്തവണ പരിഗണിച്ച ചിത്രങ്ങള്‍. അതില്‍ നിന്ന് അവസാന റൗണ്ടില്‍ എത്തിയത് 44 ചിത്രങ്ങളാണ്. ബംഗാളി ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആയിരുന്നു ഇത്തവണത്തെ ജൂറി അധ്യക്ഷന്‍. ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശം നേടി. മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിന് സി.എസ്.വെങ്കിടേശ്വരന്‍ പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച ജനപ്രിയ ചിത്രമായി ‘ന്നാ താന്‍ കേസ് കൊട്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകന്‍: ഷാഹി കബീര്‍ (ചിത്രം: ഇലവീഴാ പൂഞ്ചിറ) ഷോബി പോള്‍ രാജ് ആണ് മികച്ച നൃത്തസംവിധായകന്‍ (ചിത്രം: തല്ലുമാല) മികച്ച പിന്നണി ഗായികയായി മൃദുല വാരിയറും മികച്ച പിന്നണി ഗായകനായി കപില്‍ കപിലനും തിരഞ്ഞെടുക്കപ്പെട്ടു. റഫീഖ് അഹമ്മദ് ആണ് മികച്ച ഗാനരചയിതാവ്. എം.ജയചന്ദ്രനാണ് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം.

 

Back to top button
error: Content is protected !!