ചുട് കനക്കുന്നു: കുതിച്ചുയര്‍ന്ന് ചെറുനാരങ്ങ, കുക്കുമ്പര്‍ വില

മൂവാറ്റുപുഴ: ചൂട് കൂടുന്നതിനൊപ്പം വിപണിയില്‍ പൊള്ളി ചെറുനാരങ്ങയും കുക്കുമ്പറും. കത്തുന്ന ചൂടും ഉഷ്ണതരംഗ സാധ്യതയും മുതലെടുത്താണ് നഗരത്തില്‍ ചെറുനാരങ്ങയുടെയും സാലഡ് വെള്ളിരിയുടെയും വില റോക്കറ്റ് പോലെ ഉയരുന്നത്. ചൂടുകാലത്തെ താരങ്ങളായ തണ്ണിമത്തനും, മുന്തിരിയും, ഒറഞ്ചിനും ലഭിക്കുന്ന പ്രതാപകാലമാണ് ഇപ്പോള്‍ നാരങ്ങക്കും, കുക്കുമ്പറിനും വിപണിയില്‍ ലഭിക്കുന്നത്. മൂവാറ്റുപുഴ നഗരത്തിലെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലെയും മുന്‍നിരയില്‍ ഇവ രണ്ടും സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. പൊള്ളുന്ന ചൂടില്‍ ഉള്ളം തണുപ്പിക്കാന്‍ ഒരു നാരങ്ങവെള്ളം കുടിച്ചാലോ എന്ന് വിചാരിച്ചാല്‍ പോക്കറ്റ് കാലിയാകാന്‍ ഇനി വലിയ താമസം വരില്ല. കിലോക്ക് 20 മുതല്‍ 30 രൂപവരെ വിലയുണ്ടായിരുന്ന കുക്കുമ്പറിന് 66രൂപയും, നൂറില്‍ താഴെ നിന്നിരുന്ന ചെറുനാരങ്ങായ്ക്ക് 160 രൂപയുമാണ് ഇപ്പോഴത്തെ മൂവാറ്റുപുഴയിലെ വിപണി വില. ആവശ്യക്കാരേറിയെങ്കിലും വില വര്‍ധിച്ചതോടെ നഗരത്തിലെ തെരുവോരങ്ങളില്‍ വാഹനങ്ങളിലെത്തിച്ചുള്ള കച്ചവടം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. നാരങ്ങാവെള്ളവും, സാലഡും ചൂടിനെ പ്രതിരോധിക്കാന്‍ ഉത്തമമായതാണ് ഡിമാന്റ് വര്‍ധിക്കാന്‍ കാരണം. ചൂടിനെ പ്രതിരോധിക്കാന്‍ പഴവര്‍ഗ്ഗങ്ങളെയും ജനങ്ങള്‍ ഓരേ പോലെയാണ് ആശ്രയിക്കുന്നത്. ചൂടും, വിലയും വര്‍ധിക്കുന്നതിനനുസരിച്ച് കച്ചവടവും വര്‍ധിക്കുന്നുണ്ടെന്നും, രാവിലെയും വൈകിട്ടുമാണ് ആളുകള്‍ കൂടുതലായും എത്തുന്നതെന്നും വ്യാപരികള്‍ പറഞ്ഞു. ദിനംപ്രതി ചൂട് വര്‍ധിക്കുന്നതിനാലും, ആവശ്യക്കാരേറിവരുന്നതിനാലും വിപണിയില്‍ നാരങ്ങക്കും, കുക്കുമ്പറിനുമുണ്ടാകുന്ന റോക്കറ്റ് വില വര്‍ധനവ് ജനങ്ങള്‍ കാര്യമാക്കുന്നില്ല.

Back to top button
error: Content is protected !!