കോ​ട്ട​പ്പ​ടി​യി​ൽ കിണറ്റില്‍ വീണ കാട്ടുകൊമ്പന്‍ പു​ല്ലു​വ​ഴി​ച്ചാ​ലി​ൽ കൃ​ഷി നശിപ്പിച്ചു

കോതമംഗലം: കോട്ടപ്പടിയില്‍ കിണറ്റില്‍ വീണ കാട്ടുകൊമ്പന്‍ പുല്ലുവഴിച്ചാലില്‍ കൃഷിയിടത്തിലിറങ്ങി നാശം വരുത്തി. പുതുമനക്കുടി സാജു, അങ്ങാടിശേരി സോമന്‍ എന്നിവരുടെ കൃഷിയിടത്തിലാണ് ഒറ്റയാന്‍ നാശം വിതച്ചത്. കോട്ടപ്പാറ വനമേഖലയില്‍ നിന്ന് നാല് കിലോമീറ്ററോളം മാറിയുള്ള പ്രദേശമാണ് പുല്ലുവഴിച്ചാല്‍. ഇവിടുത്തെ കൃഷിയിടങ്ങളില്‍ ഇന്നലെ പുലര്‍ച്ചെയാണ് ഒറ്റയാന്‍ എത്തിയത്. ഒരാഴ്ച മുന്‍പ് പ്ലാച്ചേരിയില്‍ കുടിവെള്ള കിണറില്‍ വീണ ആനയാണിതെന്ന് സമീപവാസികള്‍ പറഞ്ഞു. ആനയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടാണ് തിരിച്ചറിഞ്ഞത്. നടക്കുമ്പോള്‍ മുടന്തലുമുണ്ട്. കുടിവെള്ള കിണറില്‍ വീണ കൊമ്പനെ രക്ഷപ്പെടുത്തി വനത്തിലേക്ക് വിട്ടത് വിവാദമായിരുന്നു. ആന വീണ്ടും ജനവാസ മേഖലകള്‍ക്ക് ഭീക്ഷണിയാകുന്നതിനാല്‍ മയക്കുവെടിവച്ച് പിടികൂടി ഉള്‍വനത്തിലേക്ക് മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയാറെന്ന് ഉറപ്പ് നല്‍കിയശേഷമാണ് ആനയെ രക്ഷപ്പെടുത്തിയത്. അധികാരികളുടെ വഞ്ചനയുടെ പ്രത്യാഘാതമാണ് തങ്ങള്‍ ഇപ്പോഴും അനുഭവിക്കേണ്ടിവരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിന് മുന്‍പും ഇതേ കൃഷിയിടങ്ങളില്‍ ആന ശല്യമുണ്ടായിട്ടുണ്ട്. അപേക്ഷ നല്‍കിയതല്ലാതെ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. വൈകുന്നേരമായാല്‍ ആളുകള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ ഭയമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ഫെന്‍സിംഗ് പൂര്‍ണമായി തകര്‍ന്നു കിടക്കുകയാണ്. ഫെന്‍സിംഗ് ആനകളെ തടയാന്‍ ഫലപ്രദമല്ലെന്നും മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

Back to top button
error: Content is protected !!