പ്രധാനമന്ത്രിയുടേത് വിദ്വേഷ പ്രസംഗം, പ്രചാരണത്തിൽ നിന്ന് വിലക്കണം: തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് കോൺഗ്രസ് സംഘം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം വന്‍ വിവാദത്തില്‍. പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിദ്വേഷ പ്രസംഗത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മോദിയെ വിലക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് കോണ്‍ഗ്രസ് പരാതിപ്പെട്ടു.

കടുത്ത പ്രതിഷേധമുയര്‍ന്നതോടെ കോണ്‍ഗ്രസ് മുസ്ലീംങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ലെന്നും തന്‍റെ സര്‍ക്കാരാണ് മുസ്ലീം ക്ഷേമ പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ളതെന്നും ഇന്നത്തെ റാലിയില്‍ മോദി വിശദീകരിച്ചു. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ഇന്നലെ നടത്തിയ പ്രസംഗത്തിലാണ് മുസ്ലീംങ്ങള്‍ക്കെതിരെ കടുത്ത വിഭാഗീയ പരാമര്‍ശങ്ങള്‍ മോദി നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കുമെന്നും കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണവും സ്ത്രീകളുടെ കെട്ടുതാലി പോലും കൂടുതല്‍ കുട്ടികളുണ്ടാകുന്ന, നുഴഞ്ഞു കയറ്റക്കാരായ വിഭാഗത്തിലേക്ക് പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പിന്നാലെ പ്രതിപക്ഷം വലിയ പ്രതിഷേധമുയര്‍ത്തി. ന്യായീകരിക്കാന്‍ അമിത്ഷായെ ഇറക്കിയെങ്കിലും കാര്യമുണ്ടായില്ല. പിന്നാലെ ഇന്ന് അലിഗഡില്‍ നടത്തിയ റാലിയില്‍ മുത്തലാഖ് നിരോധനം , ഹജ്ജ് ക്വാട്ട ഉയര്‍ത്തിയതടക്കമുള്ള ക്ഷേമപദ്ധതികള്‍ ഉന്നയിച്ച് വിവാദം തണുപ്പിക്കാന്‍ മോദി ശ്രമിച്ചു. രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് കൊണ്ടുപോകുമെന്ന് ആവര്‍ത്തിച്ചെങ്കിലും മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞില്ല. ജാതിസെന്‍സസിനൊപ്പം സാമ്പത്തിക-സാമൂഹിക സെന്‍സസും നടത്തുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രഖ്യാപനമാണ് പ്രധാനമന്ത്രി വളച്ചൊടിച്ചത്. മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ അടുത്ത ഘട്ടം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ നടത്തിയ മോദി നടത്തിയ പരാമര്‍ശം ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.
Back to top button
error: Content is protected !!