മാലിന്യ വാഹിനിയായി കിഴുക്കാവ് തോട്; പകര്‍ച്ചവ്യാധി ഭീഷണിയില്‍ പ്രദേശവാസികള്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിന്റെ ഹൃദയഭാഗത്ത് കൂടി കടന്ന് പോകുന്ന കിഴുക്കാവ് തോട് മാലിന്യ വാഹിനിയായി ഓഴുകാന്‍ തുടങ്ങിയതോടെ സമീപവാസികള്‍ക്ക് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. കൊറോണ വൈറസ് ബാധ ഭീഷണി നിലനില്‍ക്കുമ്പോള്‍ ജനവാസ കേന്ദ്രത്തിലൂടെ കടന്ന് പോകുന്ന കിഴുക്കാവ് തോടിലെ മലിനജലം പ്രദേശവാസികളില്‍ ആശങ്ക ഉളവാക്കുകയാണ്. പായിപ്ര ഗ്രാമപഞ്ചായത്തിലെ പാപ്പാള തോടില്‍ നിന്നും ആരംഭിച്ച് പേഴയ്ക്കാപ്പിള്ളി പാടശേഖരത്തിന് ഓരത്തിലൂടെ കടന്ന് മൂവാറ്റുപുഴ നഗരസഭയിലെ ഇലാഹിയ കോളനിയിലൂടെ കാവുംങ്കരയിലൂടെ കടന്ന് മൂവാറ്റുപുഴയാറില്‍ അവസാനിക്കുന്നതാണ് കിഴുക്കാവ് തോട്. തോടിന്റെ ആരംഭസ്ഥലമായ പാപ്പാള ഭാഗത്ത് നിന്നും ശുദ്ധമായി ഒഴുകുന്ന തോട് നഗരസഭ പ്രദേശത്തേയ്ക്ക് കടയ്ക്കുന്നതോടെയാണ് മലിനമാകുന്നത്. വീടുകളില്‍ നിന്നും വാടക കെട്ടിടങ്ങളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍നിന്നുമടക്കം മലിന ജലം തോടിലേയ്ക്കാണ് പലസ്ഥലങ്ങളിലും ഒഴുക്കുന്നത്. ഇതിന് പുറമെ രാത്രിയുടെ മറവില്‍ അറവ് മാലിവ്യങ്ങള്‍ മത്സ്യ കച്ചവട സ്റ്റാളുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ അടക്കം തോടില്‍ നിക്ഷേപിക്കുന്നതോടെ തോടിലെ വെള്ളം മലിനമാകുകയും പലസ്ഥലങ്ങളിലും കെട്ടികിടന്ന് പുഴുവരിച്ച നിലയിലാണ്. മാത്രവുമല്ല അനധികൃത കയ്യേറ്റങ്ങള്‍ മൂലം തോട് പലസ്ഥലങ്ങളിലും പേരില്‍ ഒതുങ്ങുകയാണ്. ഇതിന് പുറമെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്ന മൂവാറ്റുപുഴയാറിലെ വാട്ടര്‍അതോററ്റിയുടെ ജലസംഭരണി സ്ഥിതിചെയ്യുന്നതിന്  സമീപത്തേക്കാണ് തോട്ടിലെ മാലിന്യങ്ങള്‍ വന്നടിയുന്നത്.  വേനല്‍ ആരംഭിച്ചതോടെ തോടിലെ നീരൊഴുക്ക് കുറഞ്ഞതോടെ സ്ഥതി കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. വേനല്‍ കാലങ്ങളില്‍ കനാല്‍ വെള്ളമടക്കം തോടില്‍ പതിക്കുന്നതിനാല്‍ തോട് ജലസമൃദ്ധമാണ്. നിരവധിയാളുകള്‍ വസ്ത്രങ്ങള്‍ കഴുകുന്നതിനും കൃഷിയാവശ്യത്തിനും മറ്റും തോടിനെയാണ് ആശ്രയിക്കുന്നത്. ഇതിന് പുറമെ തോട് കടന്ന് പോകുന്ന പ്രദേശങ്ങളിലെ കിണറുകളിലെ നീരുറവയ്ക്കും തോട് ഏറെ സഹായകരമാണ്. എന്നാല്‍ ഒരു പ്രദേശത്തിന്റെ ശുദ്ധജല സ്രോതസായ കിഴുക്കാവ് തോട് ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് നാശത്തിന്റെ വയ്ക്കിലാണ്. പ്രദേശത്തെ അനേകായിരങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്ന കിഴുക്കാവ് തോട് സംരക്ഷിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കാലവര്‍ഷത്തില്‍ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയരുമ്പോള്‍ വെള്ളം കയറുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം നികത്തി കെട്ടിടങ്ങളടക്കം നിര്‍മിച്ചതോടെ ജലനിരപ്പ്  ഒരു പരിധിവരെ താങ്ങിനിറുത്തുന്നത് കിഴുക്കാവ് തോടാണ്. കഴിഞ്ഞ കാലവര്‍ഷത്തില്‍ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് ശേഷം ചെറുകിട തോടുകളും കനാലുകളും സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മൂവാറ്റുപുഴയാറിന്റെ പ്രധാന കാവരികളില്‍ ഒന്നായ കിഴുക്കാവ് തോട് സംരക്ഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.    

ചിത്രം- മാലിന്യ വാഹിനിയായി കിഴുക്കാവ് തോട്

Back to top button
error: Content is protected !!