കോലഞ്ചേരിയിൽ 40 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.

കോലഞ്ചേരി: കൊറോണ ദുരിതം കൊണ്ട് കഷ്ടത്തിലായ ജനങ്ങളെ , മനുഷ്യത്വമില്ലാതെ ചീഞ്ഞ മീൻ വില്പന വഴി ചൂഷണം ചെയ്തുവന്ന തിരുവാണിയൂർ കൊച്ചങ്ങാടിയിലെ മത്സ്യസ്റ്റാളിൽ നിന്നും 40 കിലോ പഴകിയ മത്സ്യം ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു. ഒരാഴ്ചയിലേറെ പഴക്കമുള്ള വറ്റ, ചൂര, അയിലക്കണ്ണി തുടങ്ങിയ മീനുകൾ ആണ് നശിപ്പിച്ചത്. വാലിൽ പിടിച്ചുയർത്തിയാൽ മാംസം അടർന്നു വീഴുന്ന അവസ്ഥയിലായിരുന്നു ഇവയെല്ലാം. മീനുകൾക്ക് രൂക്ഷമായ രാസ ദുർഗ്ഗന്ധവും അനുഭവപ്പെട്ടു. രാസപദാർത്ഥങ്ങൾ മാംസത്തിനകത്തേയ്ക്ക്പ്രവേശിക്കുന്നതിനായിട്ടാകാം വലിയ മീനുകളിൽ അങ്ങിങ്ങായി  കീറലുകൾ ഉണ്ടാക്കിയിട്ടുള്ളതായും പരിശോധനയിൽ കണ്ടെത്തി. മത്സ്യം വാങ്ങി കബളിപ്പിക്കപ്പെടുന്നവരുടെ പരാതി നിരന്തരം വന്നതോടെയാണ് അധികൃതർ പരിശോധനയ്ക്കെത്തിയത്. പഴകിയ മത്സ്യം വില്ക്കുന്നതിനേക്കുറിച്ച് പ്രതികരിക്കുന്നവരെ സ്ഥാപന ഉടമ ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്. പിടിച്ചെടുത്ത മത്സ്യം ഉദ്യോഗസ്ഥർ രോഗാണുനാശിനി വിതറി വില്പന തടഞ്ഞു. പിന്നീട് സ്ഥാപന ഉടമയുടെ ചുമതലയിൽ നീക്കം ചെയ്ത് സംസ്കരിച്ചു.തെറ്റ് ആവർത്തിച്ചാൽ സ്ഥാപനം സ്ഥിരമായി അടച്ചു പൂട്ടുന്നതടക്കമുള്ള കർശന നടപടികൾ ഉണ്ടാകുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ. കെ. സജി പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എൻ. വിനയകുമാർ , ടി.എസ്. അജനീഷ് ,.കെ. സൂസി എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

Back to top button
error: Content is protected !!