മൂവാറ്റുപുഴയിലെ ആദ്യ ഔട്ട്ഡോർ കോർട്ട് ഹൗസിംഗ് ബോർഡ് കോളനിയിൽ

 

മൂവാറ്റുപുഴ : ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ എന്നിവ കളിക്കാൻ ഇനി മൂവാറ്റുപുഴയിലെ ഹൗസിംഗ് ബോർഡ് കോളനിയിൽ ചെല്ലാം, അവിടെയുണ്ട് വിശാലമായ ഔട്ട്ഡോർ കോർട്ട്. നെറ്റുകൾ സ്ഥാപിച്ച മനോഹരമായ ഔട്ട്ഡോർ കോർട്ടിനൊപ്പം സാംസ്കാരിക നിലയവും പവലിയനും,മുൻപ് ഉണ്ടായിരുന്ന സ്റ്റേജിന്റെ നവീകരണവും പൂർത്തിയാക്കിക്കഴിഞ്ഞു.

എൽദോ എബ്രഹാം എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപക്കാണ് മൂവാറ്റുപുഴ നഗരസഭയിൽ പത്തൊമ്പതാം വാർഡിലെ ഹൗസിംഗ് ബോർഡ് കോളനിയിൽ ഈ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കേരള ഹൗസിങ് ബോർഡിന്റെ അധീനതയിലുള്ള 35 സെന്റ് സ്ഥലത്താണ് മൂവാറ്റുപുഴയിലെ ആദ്യ ഔട്ട്ഡോർ കോർട്ട് ഒരുക്കിയിരിക്കുന്നത്. കെ. ടി.ജേക്കബ് കൾച്ചറൽ സെന്റർ ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് കെ. സി.ഷൈമോൻ, സെക്രട്ടറി വിനായക്. വി. നായർ എന്നിവരുടെ നേതൃത്വത്തിലാണ് കോർട്ടിന്റെ പ്രവർത്തനം നടക്കുന്നത് . നഗരത്തിലെ തിരക്കൊഴിഞ്ഞ വിശാലമായ ഗ്രൗണ്ടിൽ രാവിലെയും വൈകുന്നേരവും കളിക്കുന്നതിനും കളി കാണുന്നതിനുമായി നിരവധി ആളുകളെത്തുന്നു. വ്യായാമത്തിനും കാറ്റു കൊള്ളുന്നതിനും കോർട്ടിൽ സൗകര്യമുണ്ട്. സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ നിരവധി കോർട്ടുകൾ മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ടൗണിലെ ആദ്യ ഔട്ട്ഡോർ കോർട്ട് ഹൗസിംഗ് ബോർഡ് കോളനിക്ക് സ്വന്തമായി.

ഫോട്ടോ – മൂവാറ്റുപുഴയിലെ ഹൗസിംഗ് ബോർഡ് കോളനിയിൽ ഒരുക്കിയിരിക്കുന്ന ആദ്യ ഔട്ട്ഡോർ കോർട്ട്

Back to top button
error: Content is protected !!