മൂവാറ്റുപുഴ നഗരസഭയിലെ വളക്കുഴി ഡംബിംഗ് യാര്‍ഡില്‍ ബയോ മൈനിംഗ് ആരംഭിക്കുന്നതിനുളള യന്ത്ര സാമിഗ്രികള്‍ എത്തിച്ചു

മൂവാറ്റുപുഴ: ആറ് പതിറ്റാണ്ടായി നഗരത്തിന്റെ മുഴുവന്‍ മാലിന്യവും പേറുന്ന ഈസ്റ്റ് കടാതിയിലെ വളക്കുഴി ഡംബിംഗ് യാര്‍ഡില്‍ ബയോ മൈനിംഗ് ആരംഭിക്കുന്നതിനുളള യന്ത്ര സാമിഗ്രികള്‍ എത്തിച്ചു. നാഗ്പൂരില്‍ നിന്നാണ് സാമിഗ്രികള്‍ എത്തിച്ചിരിക്കുന്നത്. കേരള ഖര മാലിന്യ പരിപാലന പദ്ധതി പ്രകാരം നഗരസഭ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ബയോ മൈനിംഗ് നടത്തുന്നതിനായി 10.82 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എംഎസ് ലിമിറ്റഡാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ഒന്നിന് മൈനിംഗ് ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പ്രദേശ വാസികളുടെ ആശങ്കകള്‍ പരിഹരിച്ച ശേഷമേ വളക്കുഴിയില്‍ ബയോ മൈനിംഗ് ആരംഭിക്കേണ്ടതുളളു എന്ന് നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് നിലപാട് എടുത്തു. ഇതിനായി വിവിധ ഘട്ടങ്ങളായി പ്രദേശ വാസികളുടെ യോഗം ചേര്‍ന്നു. ഇതോടൊപ്പം ബോധവത്ക്കരണവും ഊര്‍ജിതമാക്കി. ബയോ മൈനിംഗ് ആരംഭിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് സമീപ വാസികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മൈനിഗിനിടെ ഉണ്ടാകാന്‍ ഇടയുളള ദുര്‍ഗന്ധം, പ്രാണികളുടെ ശല്യം, പൊടി എന്നിവയെ പ്രതിരോധിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നായിരുന്നു ആവശ്യം. ഈ സാഹചര്യത്തില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാര്‍ഗ നിര്‍ദേശം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പൊടി കുറയ്ക്കുന്നതിന് വെള്ളം പമ്പ് ചെയ്യുുകയും, ഗ്രീന്‍ നെറ്റ് ഉപയോഗിച്ച് യാര്‍ഡ് മറയ്ക്കുകയും, ദുര്‍ഗന്ധ നാശിനികള്‍ ഉപയോഗിക്കുകയും ചെയ്യും. ഗതാഗത സൗകര്യങ്ങള്‍ തടസപെടാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കും. നാലര ഏക്കര്‍ വിസ്തൃതി വരുന്ന വളക്കുഴി മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ഭൂനിരപ്പിന് മുകളില്‍ 31995 ക്യൂബിക് മീറ്ററും താഴെ 55905 ക്യുബിക് മീറ്ററും മാലിന്യം നിലവില്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത് ഏകദേശം 44589.18 മെട്രിക് ടണ്‍ വരും. യന്ത്ര സാമിഗ്രികള്‍ എത്തിച്ചതോടെ ദിവസങ്ങള്‍ക്കകം വളക്കുഴിയില്‍ ബയോ മൈനിംഗ് ആരംഭിക്കും. വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ഖരമാലിന്യ സംസ്‌കരണ രംഗത്ത് ബഹുദൂരം മുന്നേറാന്‍ മൂവാറ്റുപുഴ നഗരസഭക്ക് കഴിയും.

 

Back to top button
error: Content is protected !!