അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികൾ ആരെന്ന് വൈകിട്ടറിയാം

ന്യൂഡല്‍ഹി: അമേഠി, റായ്ബറേലി  സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ വൈകിട്ട് പ്രഖ്യാപിക്കും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുമോയെന്നതില്‍ ചിത്രം വ്യക്തമായിട്ടില്ല. രാഹുലും പ്രിയങ്കയും മത്സരിക്കുമോ? അതോ രാഹുല്‍ മാത്രം മത്സരിക്കുമോ? അമേഠി, റായ്ബേറേലി മണ്ഡലങ്ങള്‍ ഇക്കുറി ഗാന്ധി കുടുംബം ഉപേക്ഷിക്കുമോ? പ്രഖ്യാപനത്തിന് തൊട്ടുമുന്‍പും സസ്പെന്‍സ് തീരുന്നില്ല. രണ്ട് പേരും മത്സരിക്കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നേരിട്ട് ആവശ്യപ്പെട്ടു. സോണിയ ഗാന്ധി മുഖേനെയും സമ്മര്‍ദ്ദം ചെലുത്തി. എന്നാൽ ഇരുവരും എന്തായിരുന്നു മറുപടി നൽകിയതെന്ന് വ്യക്തമല്ല.

രാഹുല്‍ മത്സരിച്ചേക്കുമെന്നും പ്രചാരണ രംഗത്തേക്ക് പ്രിയങ്ക പൂര്‍ണ്ണമായും മാറിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. കുടുംബ പാര്‍ട്ടിയെന്ന ആക്ഷേപം ശക്തമാകാതിരിക്കാനാണ് പ്രിയങ്കയുടെ പിന്മാറ്റം. യുപിയില്‍ രാഹുല്‍ വിജയിച്ചാല്‍ വയനാട് നിലനിര്‍ത്തുമോ അതോ യുപിയിലെ  മണ്ഡലത്തിലേക്ക് നീങ്ങുമോ എന്ന ചോദ്യവും ബിജെപി സജീവമാക്കുന്നുണ്ട്. പ്രഖ്യാപന ദിനത്തില്‍ പ്രധാന നേതക്കളാരും ദില്ലിയിലില്ല. രാഹുലും പ്രിയങ്കയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ഖര്‍ഗെയുടെ പരിപാടികള്‍ മാറ്റി വച്ചതായി ഇന്നലെ അറിയിപ്പ് വന്നെങ്കിലും  മുന്‍ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കുമെന്ന തിരുത്ത് ഇന്ന് എഐസിസി നല്‍കി. അതേ സമയം, സ്ഥാനാര്‍ത്ഥികളെ കണ്ടെത്താതെ കോണ്‍ഗ്രസ് വട്ടം കറങ്ങുകയാണെന്നും, ഗാന്ധി കുടുംബാംഗങ്ങളെ ഉന്തിതള്ളി ഇറക്കാന്‍ ശ്രമിക്കുകയാണെന്നും സ്മൃതി  ഇറാനി പരിഹസിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാരെന്നറിഞ്ഞ ശേഷം റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ നീക്കം.

Back to top button
error: Content is protected !!