കേരളത്തില്‍ താമര വിരിയും, ഇത്തവണ 400 കടക്കും; പ്രധാനമന്ത്രി പത്തനംതിട്ടയിൽ

പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തി. ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിഎത്തിയത്. ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്തവണ 400ലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും കേരളത്തില്‍ ഇത്തവണ താമര വിരിയും എന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ മാറി മാറി വരുന്നത് അഴിമതി സർക്കാരുകരുകളാണെന്നും കേരളത്തിലെ ജനങ്ങൾ മാറി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എല്‍ഡിഎഫ് എന്ന രീതി പൊളിക്കണം. ഇത് പൊളിച്ചാലേ കേരളത്തിന് നീതി കിട്ടൂ. ഇവിടെ എൽഡിഎഫും യുഡിഎഫും പരസ്പരം പോരടിക്കുന്നു. എന്നാൽ ഡൽഹിയിൽ ഇവർ ബന്ധുക്കളാണ്. പരസ്പരം അഴിമതിക്കാരെന്ന് വിളിക്കുന്നവർ ഡൽഹിയിൽ സഖ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പുരോ​ഗതിക്ക് വേണ്ടി ബിജെപി സർക്കാർ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൂഞ്ഞാർ വിഷയവും അദ്ദേഹം പരാമർശിച്ചു. വൈദികൻ ആക്രമിക്കപ്പെട്ടുവെന്നും കേരളത്തിൽ ക്രമസമാധാന തകർച്ചയെന്നും വിമർശിച്ചു. കാലഹരണപ്പെട്ട ആശയങ്ങളാണ് ഇടതുപക്ഷത്തിനും കോൺ​ഗ്രസിനുമുള്ളത്. പതിറ്റാണ്ടുകൾ ഇടതുപക്ഷം ഭരിച്ച ബം​ഗാളിൽ പിന്നെ അവർക്ക് അധികാരം കിട്ടിയില്ല. പതിറ്റാണ്ടുകൾ ഭരിച്ച സംസ്ഥാനങ്ങളിൽ നിന്ന് കോൺ​ഗ്രസ് അപ്രത്യക്ഷമായി. ഒബിസി കമ്മീഷനെപ്പോലും എതിർത്തവരാണ് എൽഡിഎഫും യുഡിഎഫും എന്നും മോദി വിമർശിച്ചു. ഇവരെ ഒരു തവണ അധികാരത്തില്‍ നിന്ന് പുറത്താക്കിയാല്‍ ഒരിക്കല്‍ പോലും ഇവര്‍ തിരിച്ചെത്തില്ല. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പട്ടപ്പോള്‍ അവര്‍ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല. ഉത്തര്‍പ്രദേശിലും ബംഗാളിലും ഗുജറാത്തിലും ഒഡീഷയിലും അധികാരം നഷ്ടമായ ശേഷം അവര്‍ തിരിച്ചെത്തിയിട്ടില്ല. കമ്യൂണിസ്റ്റുപാര്‍ട്ടിയെ ബംഗാളും ത്രിപുരയും തൂത്തെറിഞ്ഞു. ഇനി ഒരിക്കലും അവിടെ അധികാരത്തിലെത്താന്‍ അവര്‍ക്ക് കഴിയില്ലെന്നും മോദി പറഞ്ഞു.കാലഹരണപ്പെട്ട ആശയം വച്ച് മുന്നോട്ടുനയിക്കുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും. പാര്‍ലമെന്റില്‍ പുരോഗമനാശയങ്ങളെ ഇരുവരും എതിര്‍ക്കുകയായിരുന്നു. മുത്തലാഖിനെ അവര്‍ എതിര്‍ത്തതായും മോദി പറഞ്ഞു.

Back to top button
error: Content is protected !!