ലോക്സഭ തെരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂര്‍ത്തിയായി

മൂവറ്റുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂര്‍ത്തിയായി. കളക്ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം), വിവിപാറ്റ് തുടങ്ങിയ പോളിംഗ് സാമഗ്രികളാണ് വിതരണം ചെയ്തത്.ഏപ്രില്‍ ഒമ്പതിനാണ് ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചത്. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് (എ ആര്‍ ഒ) സാമഗ്രികള്‍ കൈമാറിയത്. ആദ്യദിനത്തില്‍ പെരുമ്പാവൂര്‍, കളമശ്ശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിലെയും അവസാന ദിനത്തില്‍ കോതമംഗലം, കുന്നത്തുനാട്, പിറവം, മൂവാറ്റുപുഴ, അങ്കമാലി, ആലുവ, തൃക്കാക്കര മണ്ഡലങ്ങളിലെ എ ആര്‍ ഒ മാര്‍ക്കുമാണ് വിതരണം ചെയ്തത്. 14 നിയോജക മണ്ഡലങ്ങളിലായി 2748 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 2953 വിവിപാറ്റ് എന്നിവയാണ് വിതരണം ചെയ്തത്. ഒന്നാംഘട്ട റാന്‍ഡമൈസേഷനിലൂടെ ഓരോ നിയോജകമണ്ഡലത്തിനും അനുവദിച്ച വോട്ടിംഗ് യന്ത്രങ്ങളാണ് കൈമാറിയത്. ഇവ ഓരോ നിയോജകമണ്ഡലത്തിലേയും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കും. ജിപിഎസ് ഉള്‍പ്പെടെയുള്ള സുരക്ഷ ഉറപ്പാക്കിയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ ഓരോ നിയോജകമണ്ഡലത്തിലേയും സ്‌ട്രോങ് റൂമിലെത്തിക്കുന്നത്. ഏപ്രില്‍ പകുതിക്കുശേഷം നടക്കുന്ന രണ്ടാംഘട്ട റാന്‍ഡമൈസേഷനിലൂടെയാകും വോട്ടിംഗ് മെഷീന്‍ ഏത് പാേളിംഗ് ബൂത്തിലേക്ക് എന്ന് നിശ്ചയിക്കുന്നത്.

 

Back to top button
error: Content is protected !!