ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം: പ്രതികള്‍ പിടിയില്‍

പെരുമ്പാവൂര്‍: ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍ കൊമ്പനാട് ചൂരമുടി കോട്ടിശേരിക്കുടി ആല്‍വിന്‍ ബാബു (24), മാരിക്കുടി റോബിന്‍ (20), പൊന്നിടത്തില്‍ സൂര്യ (20) എന്നിവരെയാണ്എ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും, പെരുമ്പാവൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. 24 ന് വെങ്ങോല മാര്‍ ബഹനാം സഹദ് വലിയപള്ളി, 28ന് രാത്രി പെരുമാലി സെന്റ് ജോര്‍ജ് യാക്കോബായ പള്ളി എന്നിവിടങ്ങളിലാണ് പ്രതികള്‍ മോഷണം നടത്തിയത്. പകല്‍സമയങ്ങളില്‍ ബൈക്കില്‍ കറങ്ങിനടന്ന് പള്ളികള്‍ കണ്ടുവച്ച ശേഷം രാത്രി സമയം ബൈക്കില്‍ എത്തി പള്ളികള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. അന്വേഷണത്തില്‍ കഴിഞ്ഞമാസം കുറുപ്പുംപടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നെടുങ്ങപ്ര, കീഴില്ലം പള്ളികളിലും, ഈ മാസം 18ന് കോട്ടപ്പടി നാഗഞ്ചേരി പള്ളിയിലും ഇവര്‍ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കേസിലെ ഒന്നാംപ്രതി ആല്‍വിന്‍ ബാബുവിന് കുറുപ്പുംപടി, കോടനാട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മോഷണക്കേസുകളുണ്ട്. പുതിയ മോഷണത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. മോഷണം നടത്തിക്കിട്ടുന്ന പണം മയക്കുമരുന്ന് വാങ്ങുന്നതിനും ആഡംബര ജീവിതത്തിനുമാണ് ഇവര്‍ ഉപയോഗിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പെരമ്പാവൂര്‍ എ.എസ്.പി മോഹിത് രാവത്ത്, ഇന്‍സ്‌പെക്ടര്‍ എം.കെ രാജേഷ്, സബ് ഇന്‍സ്‌പെക്ടര്‍ ടോണി ജെ മറ്റം, എ.എസ്.ഐ പി.എ അബ്ദുള്‍ മനാഫ്, സീനിയര്‍ സി പി ഒ മാരായ ടി.എന്‍ മനോജ് കുമാര്‍, ടി.എ അഫ്‌സല്‍, ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Back to top button
error: Content is protected !!