വനവിസ്തൃതി വർധിപ്പിക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രിക; ഇടുക്കിയിൽ യുഡിഎഫിനെതിരെ പ്രചരണായുധമാക്കി എൽഡിഎഫ്

ഇടുക്കി: രാജ്യത്ത് വനവിസ്തൃതി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം ഇടുക്കിയില്‍ യുഡിഎഫിനെതിരെ പ്രചാരണ ആയുധമാക്കിയി എല്‍ഡിഎഫ്. ഇടുക്കിയെ ദോഷകരമായി ബാധിക്കുന്നതാണ് ഇതെന്നാണ് ആരോപണം. അടിസ്ഥാന രഹിതമാണെന്നും വനവിസ്തൃതി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചത് സംസ്ഥാന സര്‍ക്കാരാണെന്നുമാണ് യുഡിഎഫ് നിലപാട്. രാജ്യത്തെ വനവിസ്തൃതിയില്‍ 2015 മുതല്‍ 2020 വരെയുള്ള കാലത്ത് കുറവുണ്ടായിട്ടുണ്ടെന്നും ഇത് വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങളുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുണ്ട്. ഇത് ഇടുക്കി ജില്ലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രചാരണം. വനവിസ്തൃതി വര്‍ധിപ്പിക്കാന്‍ ആളുകള്‍ കുടിയിറങ്ങേണ്ടി വരുമെന്നാണ് എല്‍ഡിഎഫ് പ്രചാരണം.

അതേസമയം ഇടതുപക്ഷം നടത്തുന്ന കള്ളപ്രചാരണം, ഇടുക്കിയിലെ ജനങ്ങളെ മുന്‍പ് കബളിപ്പിച്ചത് ആവര്‍ത്തിക്കാനുള്ള ശ്രമമാണെന്നാണ് യുഡിഎഫ് പറയുന്നത്. കുഞ്ചിത്തണ്ണി വില്ലേജില്‍ 87.37 ഹെക്ടര്‍ ഭൂമിയും ചിന്നക്കനാല്‍ വില്ലേജിലെ 364.89 ഹെക്ടറും കുടയത്തൂര്‍ പഞ്ചായത്തില്‍ 280 ഹെക്ടര്‍ ഭൂമിയും വനമാക്കാന്‍ വിജ്ഞാപനം ഇറക്കിയത് എല്‍ഡിഎഫ് സര്‍ക്കരാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു. വന്യജീവി ആക്രമണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രചാരണം നടത്തിയിരുന്ന യുഡിഎഫിനെതിരെ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രഖ്യപനം ചൂണ്ടിക്കാട്ടി തിരിച്ചടിക്കുകയാണ് എല്‍ഡിഎഫ്.

 

Back to top button
error: Content is protected !!