കല്ലൂര്‍ക്കാട് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് കുളങ്ങാട്ടുപാറ ആക്ഷന്‍ കൗണ്‍സില്‍

മൂവാറ്റുപുഴ: കുളങ്ങാട്ടുപാറ ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കല്ലൂര്‍ക്കാട് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഉള്‍പ്പെടുന്ന കുളങ്ങാട്ടുപാറ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്ലൈവുഡ് കമ്പനി ആരംഭിക്കാന്‍ അനുമതി നല്‍കിയ പഞ്ചായത്ത് ഭരണ സമിതിയുടെയും, സെക്രട്ടറിയുടെയും നടപടിയില്‍ പ്രതിഷേധിച്ചാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. കല്ലൂര്‍ക്കാട് ബസ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നിലകണ്ഡന്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോഷി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ വിവിധ രാഷ്ട്രീയ നേതാക്കന്മാരും, നാട്ടുകാരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ജോണ്‍സണ്‍ ജോസഫ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടക്കോട്, സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കല്‍, എന്‍സിപി മണ്ഡലം പ്രസിഡണ്ട് വില്‍സണ്‍ നെടുങ്കല്ലേല്‍, സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം ആര്‍ പ്രഭാകരന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിജു പാലക്കോട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ആക്ഷന്‍കൗണ്‍സിലിന്റെ തീരുമാനം.

 

 

Back to top button
error: Content is protected !!