പാതിവഴിയില്‍ നിലച്ച കക്കാട്ട്തണ്ടേല്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം പുനരാരംഭിക്കുന്നു.

 

മൂവാറ്റുപുഴ: ആവോലി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കക്കാട്ട്തണ്ടേല്‍ കുടിവെള്ളപദ്ധതിയ്ക്ക് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 27.75- ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ. അറിയിച്ചു. കക്കാട്ട്തണ്ടേല്‍ കുടിവെള്ളപദ്ധതിയ്ക്ക് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 21-ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ എസ്റ്റിമേറ്റ് പ്രകാരം നിര്‍മ്മാണ തുക തികയാത്തതിനാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. എസ്റ്റിമേറ്റില്‍ മാറ്റങ്ങള്‍ വരുത്തി പുതിയ എസ്റ്റിമേറ്റ് പ്രകാരം 2019-20 സാമ്പത്തീക വര്‍ഷത്തെ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 6.75-ലക്ഷം രൂപ ഇലക്ട്രിഫിക്കേഷനായി അനുവദിക്കുകയായിരുന്നു. ഇതോടെ പദ്ധതിയ്ക്കായി 27.75-ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചതോടെ വര്‍ഷങ്ങളായി മുടങ്ങി കിടന്ന പദ്ധതിയ്ക്ക് വീണ്ടും ജീവന്‍ വയ്ക്കുകയായിരുന്നു. 1995-ല്‍ നിര്‍മ്മാണമാരംഭിച്ച കക്കാട്ട്തണ്ട് കുടിവെള്ളപദ്ധതിയുടെ പകുതിയോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ പദ്ധതി പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് കുടിവെള്ളപദ്ധതി പുനരാരംഭിക്കണമെന്നാവശ്യം ശക്തമായതോടെയാണ് പദ്ധതിയ്ക്കായി എം.എല്‍.എ ആദ്യം 21-ലക്ഷം രൂപ അനുവദിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിക്കാനിരുന്ന ഘട്ടത്തിലാണ് പദ്ധതിയ്ക്കായി പുഴയോരത്ത് താഴ്ത്തിയിരുന്ന കിണറില്‍ വെള്ളത്തിന്റെ അഭാവവും ഇലക്ട്രിക് വര്‍ക്കുകളും മോട്ടറുകളും വെള്ളംകയറി കേടുപടുകള്‍ സംഭവിക്കുകയും ചെയ്തതായി കണ്ടെത്തിയത്. ഇതോടെ പദ്ധതിയ്ക്ക് പുതിയ കിണറും മോട്ടറും ഇലക്ട്രിക് വര്‍ക്കുകളും ആവശ്യമായി വന്നു. ഇതിനായി വീണ്ടും എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 6.75-ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ഒരു പദ്ധതിയ്ക്ക് എം.എല്‍.എ. ആസ്തി വികസന ഫണ്ട് രണ്ട് ഘട്ടങ്ങളിലായി വിനിയോഗിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായി വരും. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ കാലതാമസം മൂലം അനുമതി വൈകുകയായിരുന്നു. ഇപ്പോള്‍ പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചതോടെയാണ് അകാലത്തില്‍ പൊലിഞ്ഞ് പോയ കക്കാട്ട്തണ്ട് കുടിവെള്ളപദ്ധതിയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നത്. കാളിയാര്‍ പുഴയുടെ തീരത്ത് സ്ഥാപിച്ച കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് കക്കാട്ട്തണ്ടേല്‍ സ്ഥാപിച്ച ടാങ്കിലെത്തിച്ച് കൃഷിയ്ക്കും കുടിവെള്ള ആവശ്യത്തിനും ഉപയോഗിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എം.എല്‍.എ. മണ്ഡലത്തില്‍ നടപ്പിലാക്കുന്ന തരിശുരഹിത മൂവാറ്റുപുഴ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് കക്കാട്ട്തണ്ട് കുടിവെള്ളപദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിനും ഹെക്ടറ് കണക്കിന് കൃഷിയ്ക്കും പ്രയോജനകരമാകുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ. പറഞ്ഞു.

Back to top button
error: Content is protected !!