ജോ​യ്സ് ജോര്‍ജ്‌ ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ളി​ൽ മു​ന്നി​ൽ നി​ന്നു: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

കോതമംഗലം: പട്ടയ പ്രശ്‌നം ഉള്‍പ്പെടെ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ മുന്നില്‍ നിന്ന നേതാവാണ് ജോയ്‌സ് ജോര്‍ജെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഭാഗമായി നെല്ലിമറ്റത്ത് നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഭാരതീയ സംസ്‌കാരത്തിനും മതനിരപേക്ഷതക്കുമെതിരെ നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരായ വോട്ടെടുപ്പാകും നടക്കാന്‍ പോവുക. പൗരത്വ ഭേദഗതി നിയമത്തിലൂടെ മതാടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമമാണ് നരേന്ദ്രമോദി നടത്തുന്നത്. നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ഏക സംസ്ഥാനമാണ് കേരളം.ഭാരത സംസ്‌കാരത്തെ തകര്‍ക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. കേരളത്തിന് അര്‍ഹമായ വിഹിതം കേന്ദ്രം നല്‍കാതിരുന്നപ്പോഴും വിദ്യാഭ്യാസ വളര്‍ച്ചയിലും ആരോഗ്യ മേഖലയിലും കേരളം ഏറ്റവും മുന്നിലാണ്. ബിജെപിയുടെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യാന്‍ ഇടുക്കിയില്‍ നിന്ന് ജോയ്‌സ് ജോര്‍ജ് പാര്‍ലമെന്റില്‍ ഉണ്ടാകണമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. യോഗത്തില്‍ എല്‍ഡിഎഫ് കവളങ്ങാട് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോയി അറമ്പന്‍കുടി അധ്യക്ഷത വഹിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, സിപിഎം ജില്ലാ കമ്മിറ്റിയംഗം എ.എ. അന്‍ഷാദ്, പി.ടി. ബെന്നി, കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ്, ജനതാദള്‍-എസ് ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ഗോപി, ടി.പി. തന്പാന്‍, ഷാജി പീച്ചക്കര, ജോയി പി മാത്യു, എന്‍.സി. ചെറിയാന്‍, ടി.എച്ച്. നൗഷാദ്, ജിജോ പീച്ചാട്ട്, ഷിബു പടപറന്പത്ത്, ഷാന്റി കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!