മുളവൂര്‍ പഞ്ചായത്ത് രൂപീകരണം: പ്രതീക്ഷയുമായി മുളവൂര്‍ നിവാസികള്‍

മൂവാറ്റുപുഴ: ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളില്‍ ഒന്നായ പായിപ്ര പഞ്ചായത്തിനെ വിഭജിച്ച് മുളവൂര്‍ പഞ്ചായത്ത് രൂപീകരണമെന്ന വിഷയത്തില്‍ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് മുളവൂര്‍ നിവാസികള്‍. തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് വിഭജന നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഡിലിമിറ്റേഷന്‍ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് പായിപ്ര പഞ്ചായത്തിനെ വിഭജിച്ച് മുളവൂര്‍ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിരിക്കുന്നത്. പുതിയ തദ്ദേശ സ്ഥാപനങ്ങള്‍ രൂപീകരിക്കാനും നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ പുനര്‍ വിഭജിക്കാനുമുള്ള ഡിലിമിറ്റേഷന്‍ കമ്മീഷനാണ് കഴിഞ്ഞ ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനു മുന്നോടിയായി നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ അടിസ്ഥാന വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനോട് നിര്‍ദേശിച്ചു. ഇതോടെയാണ് മുളവൂര്‍ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നത്. പായിപ്ര പഞ്ചായത്തിനെ വിഭജിച്ച് മുളവൂര്‍ പഞ്ചായത്ത് രൂപീകരിക്കണമെന്നത് വര്‍ഷങ്ങളായിട്ടുള്ള ആവശ്യമാണ്. മൂന്ന് പതിറ്റാണ്ട് മുന്പ് മുളവൂര്‍ പഞ്ചായത്ത് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും സാധ്യമായിട്ടില്ല.

22 വാര്‍ഡുകളും 32.18 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവുമുള്ള പായിപ്ര വിഭജിച്ചാണ് മുളവൂര്‍ പഞ്ചായത്ത് രൂപീകരിക്കേണ്ടത്. വിഭജനം നടന്നാല്‍ 17 വാര്‍ഡുകളും 28,000 ജനസാന്ദ്രതയുള്ള പായിപ്ര പഞ്ചായത്തും, 13.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും 14 വാര്‍ഡുകളും 20,000 ജനസാന്ദ്രതയുള്ള മുളവൂര്‍ പഞ്ചായത്തുമാകും. വര്‍ഷങ്ങള്‍ക്ക് മുന്പ് പഞ്ചായത്തിന്റെ കുറ്റമറ്റ രൂപരേഖ സര്‍ക്കാരില്‍ നല്‍കിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്പ് പായിപ്ര പഞ്ചായത്ത് കമ്മിറ്റി ഐക്യകണ്ഡേന പ്രമേയം പാസാക്കി സര്‍ക്കാരിന് നല്‍കിയിരുന്നു. മൂവാറ്റുപുഴ, കോതമംഗലം നഗരസഭകളും മഴുവന്നൂര്‍, രാമമംഗലം, അശമന്നൂര്‍, നെല്ലിക്കുഴി പഞ്ചായത്തുകളും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന പായിപ്ര പഞ്ചായത്തില്‍നിന്ന് ഭൂമി ശാസ്ത്രപരമായി വേറിട്ട് നില്‍ക്കുന്ന പ്രദേശമാണ് മുളവൂര്‍. വികസനപരമായും മുളവൂര്‍ ഏറെ പിന്നിലാണ്. നിലവില്‍ ഇവിടെയുള്ളവര്‍ക്ക് പഞ്ചായത്ത് ആസ്ഥാനത്ത് എത്താന്‍ രണ്ട് ബസുകള്‍ മാറി കയറേണ്ട അവസ്ഥയാണ്. ഇത് കൂടാതെ വില്ലേജ് ഓഫീസ്, മൃഗാശുപത്രി, കുടുംബാരോഗ്യകേന്ദ്രം, ആയുര്‍വേദ ആശുപത്രി, കൃഷിഭവന്‍ തുടങ്ങിയവയെല്ലാം പഞ്ചായത്ത് ആസ്ഥാനത്തിന് സമീപമാണ്. ഇതിനാലാണ് മുളവൂര്‍ കേന്ദ്രമായി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം പതിറ്റാണ്ട് മുന്പ് ഉയര്‍ന്നത്.

Back to top button
error: Content is protected !!