എറണാകുളം സ്ഥാനാര്‍ത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു

എറണാകുളം: ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധന നടത്തി. ചെലവ് നിരീക്ഷകന്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസ് മീറ്റിംഗ് ഹാളില്‍ നടന്ന പരിശോധനയില്‍ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരും പ്രതിനിധികളും പങ്കെടുത്തു. ചെലവ് നിരീക്ഷക വിഭാഗം ഉദ്യോഗസ്ഥര്‍ സൂക്ഷിക്കുന്ന ഷാഡോ രജിസ്റ്ററുമായി സ്ഥാനാര്‍ഥികള്‍ തയ്യാറാക്കിയ ചെലവ് രജിസ്റ്റര്‍ താരതമ്യപ്പെടുത്തുന്നതിനും പൊരുത്തക്കേടുകളുണ്ടെങ്കില്‍ ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികളെ അറിയിക്കുകയും ആവശ്യമായ നടപടികള്‍ കൈകൊള്ളുകയും ചെയ്യുന്നതിനാണ് പരിശോധന നടത്തുന്നത്. മൂന്ന് ഘട്ടമായാണ് പരിശോധന നടത്തിയത്. ആദ്യഘട്ടം പരിശോധന ഏപ്രില്‍ 12ന് നടത്തി. രണ്ടാംഘട്ട പരിശോധന 18ന് നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചത് മുതല്‍ ഏപ്രില്‍ 20 വരെയുള്ള കണക്കുകളാണ് മൂന്നാം ഘട്ടത്തില്‍ പരിശോധിച്ചത്. പരിശോധനയില്‍ ചെലവില്‍ ചെറിയ വ്യത്യാസങ്ങള്‍ കണ്ടെത്തിയ അഞ്ച് സ്ഥാനാര്‍ഥികള്‍ക്ക് കണക്ക് കൃത്യമാക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ നോട്ടീസ് നല്‍കി. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക വിഭാഗം ഓരോ സ്ഥാനാര്‍ത്ഥിയുടെയും തെരഞ്ഞെടുപ്പ് ചെലവുകള്‍ ദിവസവും കണക്കാക്കുകയും അതനുസരിച്ച് ഷാഡോ രജിസ്റ്റര്‍ തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. സ്ഥാനാര്‍ത്ഥികളും ചെലവ് രജിസ്റ്റര്‍ സൂക്ഷിക്കുന്നുണ്ട്. ചെലവ് നിരീക്ഷക വിഭാഗം നോഡല്‍ ഓഫീസര്‍ വി എന്‍ ഗായത്രി, അസിസ്റ്റന്റ് നാേഡല്‍ ഓഫീസര്‍ ആര്‍ വിനീത് എന്നിവരടങ്ങിയ സംഘം മുഖ്യ നിരീക്ഷകനൊപ്പം പരിശോധനയില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!