ഉടുമ്പന്‍ചോലയില്‍ പര്യടനം പൂര്‍ത്തിയാക്കി ഡീന്‍

ഇടുക്കി: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ഉടുമ്പന്‍ചോല മണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയാക്കി. നെടുങ്കണ്ടം, പാമ്പാടുംപാറ, ഇരട്ടയാര്‍ എന്നീ പഞ്ചായത്തുകളില്‍ ശനിയാഴ്ച പര്യടനം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നാല്‍പ്പതോളം കേന്ദ്രങ്ങളില്‍ ജനങ്ങള്‍ സ്വീകരണം നല്‍കി. രാവിലെ ആനക്കല്ല് ജംഗ്ഷനില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം ജോസ് പൊട്ടന്‍പ്ലാക്കല്‍ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യക്കും ഇടുക്കിക്കുമായി യുഡിഎഫ് ജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കിയെ ദ്രോഹിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനാരോക്ഷം ശക്തമാണ്. സാധാരണക്കാരായ ജനങ്ങള്‍ക്ക് പട്ടയം പോലും നിഷേധിച്ച സര്‍ക്കാരാണ് ഇതെന്നും ജോസ് പൊട്ടന്‍പ്ലാക്കല്‍ ആരോപിച്ചു. ജനം വെറുത്ത ഭരണാധികാരിയാണ് പിണറായി വിജയന്‍ എന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. സിപിഎമ്മിലെ ബിജെപി വിഭാഗം നേതാവാണ് പിണറായി വിജയന്‍. ബിജെപിയെ താഴെയിറക്കാന്‍ ജനം ആഗ്രഹിക്കുമ്പോള്‍ കേരളത്തില്‍ നരേന്ദ്ര മോദിയുടെ പി.ആര്‍ വര്‍ക്ക് ചെയ്യുകയാണ് പിണറായി വിജയന്റെ ജോലിയെന്ന് ഡീന്‍ പരിഹസിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കോമ്പയാര്‍, തിരുവല്ലപ്പടി, നെടുങ്കണ്ടം, നെടുങ്കണ്ടം വെസ്റ്റ്, കല്‍ക്കൂന്തല്‍, മഞ്ഞപ്പെട്ടി, പൊന്നാമല, ബഥേല്‍, മഞ്ഞപ്പാറ, പച്ചടി കുരിശുപാറ, ചാറല്‍മേട്, ചക്കക്കാനം എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി.

മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അഭ്യര്‍ത്ഥിച്ചാണ് ഡീന്‍ കുര്യാക്കോസ് പ്രചാരണം നടത്തുന്നത്. എംപി ഫണ്ടില്‍ നിന്ന് മാത്രം 2.77 കോടി രൂപ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ അനുവദിച്ചെന്ന് യുഡിഎഫ് പറയുന്നു. പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയിലും സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടിലും ഉള്‍പ്പെടുത്തി 4 റോഡുകളാണ് അനുവദിച്ചത്. ആരോഗ്യ മേഖലയിലും നിരവധി പദ്ധതികള്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നടപ്പിലാക്കിയതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഉച്ചക്ക് ശേഷം കല്ലാര്‍, മുണ്ടിയൊരുമ, ബാലഗ്രാം, തേര്‍ഡ്ക്യാമ്പ്, അന്യര്‍തോളു, പുളിയന്‍മല, പത്തിനിപാറ, പാമ്പാടുംപാറ, ചെമ്പളം, കൗന്തി, എഴകുംവയല്‍, ഈട്ടിത്തോപ്പ്, പള്ളിക്കാനം, ചെമ്പകപ്പാറ, കൊച്ചുകാമക്ഷി എന്നി പ്രദേശങ്ങളില്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ടര്‍മാരുടെ അനുഗ്രഹം തേടി. വൈകിട്ട് ഇടഞ്ഞമല, ശാന്തിഗ്രാം, നാലുമുക്ക്, വാഴവര, തുളസിപ്പാറ, ഉപ്പുകണ്ടം, മന്നാക്കൂടി, തോവാള എന്നിവിടങ്ങളില്‍ കൂടി പ്രചരണം നടത്തി രാത്രി ഇരട്ടയാറില്‍ സമാപിച്ചു. സമാപന സമ്മേളനം കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അംഗം ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു.

 

Back to top button
error: Content is protected !!