മണ്ണാന്‍കടവ് തോടിനെ സംരക്ഷിക്കണം: പ്രതിഷേധത്തിനൊരുങ്ങി സിപിഐഎം

മൂവാറ്റുപുഴ: മണ്ണാന്‍കടവ് തോടിനെ മലിനജലമൊഴിക്കില്‍ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം പേട്ട ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും, ധര്‍ണ്ണയും സംഘടിപ്പിക്കും. തിങ്കളാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ നഗരസഭയിലേയ്ക്കാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. മണ്ണാന്‍കടവ് തോടിലൂടെ മലിനജലമൊഴുകുന്നത് മൂലം പേട്ട നിവാസികള്‍ ദുരിതത്തിലാണ്. കൊതുക് ശല്യവും, മറ്റ് ആരോഗ്യപ്രശ്‌നങ്ങളും പ്രദേശത്തെ ജനങ്ങളെ വേട്ടയാടുകയാണ്. മണ്ണാന്‍കടവ് തോടിലൂടെയുള്ള മലിന ജലം മൂവാറ്റുപുഴയാറിലേയ്ക്ക് പതിയ്ക്കുന്നതോടെ മൂവാറ്റുപുഴയാറിനെ ആശ്രയിക്കുന്ന ജനവിഭാഗങ്ങളും പ്രതിസന്ധിയിലാണ്. ശുചിമുറി മാലിന്യമുള്‍പ്പെടെ തള്ളുന്ന മണ്ണാന്‍കടവ് തോടിനെ സംരക്ഷിച്ച് മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നത് തടയുന്നതിനും, തോടിനെ ദുര്‍ഗന്ധ രഹിതമാക്കുന്നതിനുള്ള നടപടി നഗരസഭ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ണാന്‍കടവ് തോടിനെ മലിന ജലമൊഴുക്കില്‍ നിന്നും സംരക്ഷിക്കുക, 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി തോടിനെ നവീകരിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുക, മലിന ജലമൊഴുകുന്ന ഉറവിട സ്രോതസ്സുകള്‍ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സിപിഐഎം പ്രതിഷേധം സംഘടിപ്പിക്കുന്നത്. സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി കെ.പി രാമചന്ദ്രന്‍ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. സിപിഐഎം മുനിസിപ്പല്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി പി.എം ഇബ്രാഹം, പ്രതിപക്ഷ നേതാവ് ആര്‍ രാകേഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.

Back to top button
error: Content is protected !!