കോവിഡ് രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിന്  ജില്ലയില്‍ രണ്ട് കേന്ദ്രങ്ങള്‍ ഒരുക്കും: ജില്ലാ കളക്ടര്‍

 

എറണാകുളം:

കോവിഡ് പോസിറ്റീവായവര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനു ജില്ലയില്‍ രണ്ടു സെന്ററുകള്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരുക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തില്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവിഭാഗത്തോട് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് ഡയാലിസിസിനു പ്രത്യേക സംവിധാനമൊരുക്കാന്‍ നിര്‍ദേശിക്കുമെന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.

 

ആശുപത്രികളില്‍ മറ്റ് ചികിത്സകള്‍ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ഐസിഎംആര്‍ ഗൈഡ്‌ലൈന്‍ ആശുപത്രികള്‍ പാലിക്കണം. ഇക്കാര്യത്തില്‍ സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തും.

 

ആശുപത്രികളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന്റെ കണക്ക് അനുസരിച്ചാണു ജില്ലകളുടെ കാറ്റഗറി തീരുമാനിക്കുന്നത്. നിലവില്‍ എറണാകുളം ജില്ല ബി കാറ്റഗറിയിലാണ്. ജില്ല സി കാറ്റഗറിയിലേക്ക് പോകാന്‍ സാധ്യതയുണ്ട്. ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജീകരിക്കുന്ന കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. നിലവില്‍ താലൂക്ക് ആശുപത്രികളില്‍ കോവിഡ് വാര്‍ഡുകള്‍ പ്രത്യേകമായി സജീകരിച്ചിട്ടുണ്ട്. മൂന്നു നഗരസഭകളിലും 10 ഗ്രാമ പഞ്ചായത്തുകളിലും ഡൊമിസിലറി കെയര്‍ സെന്ററുകള്‍(ഡിസിസി) തുടങ്ങും. ഇതിനായി സെന്ററുകള്‍ കണ്ടെത്തിവയ്ക്കാന്‍ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍(ഡിഡിപി)ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

 

സിഎഫ്എല്‍ടിസി, ഡിസിസി എന്നിവ തുടങ്ങുന്നതു സംബന്ധിച്ചും വാര്‍ഡ്തല കമ്മിറ്റി, റാപ്പിഡ് റെസ്‌പോണ്‍സ് ടീം(ആര്‍ആര്‍ടി) എന്നിവ ശക്തപ്പെടുത്തുന്നതിനും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപന അധ്യക്ഷരെ ഉള്‍പ്പെടുത്തി യോഗം സംഘടിപ്പിക്കുമെന്നും കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.ആര്‍ആര്‍ടി, വാര്‍ഡ്്തല കമ്മിറ്റികള്‍ സജീവമാക്കുന്നതിനും ഡിഡിസികള്‍ ആരംഭിക്കുന്നതിനും മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് യോഗം സംഘടിപ്പിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.

 

മാളുകള്‍, സുപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നതായി പരാതി ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളില്‍ തിരക്ക് കുറയ്ക്കുന്നതിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ് ശ്രദ്ധിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍, ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ എന്നിവ വേഗത്തിലാക്കുവാനും കളക്ടര്‍ നിര്‍ദേശിച്ചു.

 

താലൂക്കുകളില്‍ കോവിഡിനായി പ്രത്യേക വാര്‍ഡുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.വി.ജയശ്രീ അറിയിച്ചു. മട്ടാഞ്ചേരി ആശുപത്രി കോവിഡ് പോസിറ്റീവാകുന്ന ഗര്‍ഭിണികള്‍ക്കുവേണ്ടി മാത്രമായി സജീകരിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

Back to top button
error: Content is protected !!