സംസ്ഥാന പാതയിലെ ടാറിംഗില്‍ വീണ്ടും വിള്ളല്‍

വാഴക്കുളം: സംസ്ഥാന പാതയിലെ ടാറിംഗില്‍ വീണ്ടും വിള്ളല്‍ പ്രത്യക്ഷപ്പെടുന്നു. വേങ്ങച്ചുവട്, വാഴക്കുളം, ആവോലി പ്രദേശങ്ങളില്‍ പല ഭാഗങ്ങളിലാണ് നിലവില്‍ ടാറിംഗില്‍ വിള്ളല്‍ കണ്ടത്. ചൂടുകൂടുന്ന സാഹചര്യത്തില്‍ ദിനംപ്രതി ടാറിംഗ് അകന്നു മാറി വിള്ളലുകള്‍ വലുതാകുന്നുമുണ്ട്. പലയിടങ്ങളിലും ടാറിംഗ് അകന്നു മാറി കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെ സഞ്ചാരപാതയിലാണ് വിള്ളല്‍ കാണുന്നത്. ഇത് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് കടുത്ത അപകട ഭീഷണി ഉയര്‍ത്തുകയാണ്. ബിഎംബിസി നിലവാരത്തില്‍ സമനിരപ്പിലുള്ള റോഡില്‍ പലയിടങ്ങളിലുള്ള ഇത്തരം വിള്ളലുകള്‍ അകലെനിന്നു വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ ദൃശ്യമാവില്ലെന്നതും അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. വാഴക്കുളം സെന്റ് ജോര്‍ജ് കപ്പേളയ്ക്ക് സമീപം ഇത്തരത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഭാഗം ടാറിംഗ് നീക്കം ചെയ്ത് വീണ്ടും ടാര്‍ ചെയ്താണ് സഞ്ചാരയോഗ്യമാക്കിയത്. ബിഎംബിസി നിലവാരത്തിലുള്ള സംസ്ഥാന പാതയിലെ വിള്ളല്‍ നീക്കം ചെയ്ത് സഞ്ചാരയോഗ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Back to top button
error: Content is protected !!