പ്രധാനമന്ത്രി ഇങ്ങനെ പറയരുതായിരുന്നു; വിമര്‍ശനം ഖേദകരം: മുഖ്യമന്ത്രി
കൊച്ചി: സംസ്ഥാനത്തെ അകാരണമായി പഴിച്ച് ഇന്ധനവില വര്‍ധന ലഘൂകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ആറ് വര്‍ഷത്തിനിടയില്‍ കേരളം ഇതുവരെയും നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല. ഇന്ധനവില പിടിച്ചുനിര്‍ത്തേണ്ടത് കേന്ദ്ര സര്‍ക്കാരെന്ന് പിണറായി. വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും കേന്ദ്രത്തിനാണുള്ളത്. എന്നാല്‍ ഇത് സംസ്ഥാനങ്ങളുടെ മുകളില്‍ കെട്ടിവെയ്ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. കേരളത്തെ പ്രധാനമന്ത്രി വിമര്‍ശിക്കുന്നത് ഖേദകരമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അറിയുന്ന പ്രധാനമന്ത്രി ഇങ്ങനെ പറയരുതായിരുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാത്തതിനെ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഉടനടി നടപടികള്‍ സ്വീകരിക്കണം. ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഇല്ലാതാക്കണമെന്നും ഇതിന് കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.